ഒമാനിൽ അനുമതിയില്ലാതെ ഓഫർ ബോർഡുകൾ വെച്ചാൽ പണി പാളും; മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം.

എല്ലാ വ്യാപാരികളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു

Update: 2026-10-28 16:50 GMT

മസ്‌കത്ത്: വാണിജ്യ സ്ഥാപനങ്ങൾ മുൻകൂർ അനുമതി തേടാതെ ഓഫറുകളും ഡിസ്‌കൗണ്ടുകളും പരസ്യപ്പെടുത്തിയാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിപണിയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടി കർശനമാക്കുന്നത്. ഡിസ്‌കൗണ്ടുകൾ നൽകുന്നതിന് മുൻപായി മന്ത്രാലയത്തിൽ നിന്ന് കൃത്യമായ ലൈസൻസ് കരസ്ഥമാക്കണമെന്നും, ഈ ലൈസൻസ് സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉൽപ്പന്നങ്ങൾക്ക് കൃത്രിമമായി വില വർധിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Advertising
Advertising

ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ സാധനങ്ങളുടെ യഥാർഥ വിലയും കിഴിവ് നൽകിയ ശേഷമുള്ള വിലയും ഇളവ് ശതമാനവും ഉപഭോക്താക്കൾക്കായി വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഭക്ഷണപദാർഥങ്ങൾ, വാഹനം, സ്വർണം, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവ ഒഴികെയുള്ള ഉൽപന്നങ്ങൾക്ക് കുറഞ്ഞത് 20 ശതമാനമെങ്കിലും കിഴിവ് നൽകണം. ഓഫർ കാലാവധി അവസാനിച്ച ശേഷവും ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് 30 ദിവസത്തെ ഉപയോഗയോഗ്യതാ കാലാവധി ഉണ്ടായിരിക്കണം. അതേസമയം, പുകയില ഉൽപന്നങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും യാതൊരു കാരണവശാലും ഇളവുകൾ അനുവദിക്കില്ല. രാജ്യത്തെ വ്യാപാര മേഖലയിലെ വിശ്വാസ്യത നിലനിർത്താനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാനും എല്ലാ വ്യാപാരികളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News