തൊഴിൽ നിയമലംഘനം: ഒമാനിൽ നിന്ന് ഈ വർഷം നാടുകടത്തിയത് 7,615 പേരെ

ആകെ അറസ്റ്റിലായത് 12,000 ത്തിലധികം പേർ

Update: 2025-05-24 16:21 GMT

മസ്‌കത്ത്: തൊഴിൽ നിയമം ലംഘിച്ചതിന് ഒമാനിൽ നിന്ന് ഈ വർഷം നാടുകടത്തിയത് 7,615 പേരെ. ആകെ അറസ്റ്റിലായത് 12,000 ത്തിലധികം പേരാണ്. രാജ്യത്തുടനീളം തൊഴിൽ നിയമം നടപ്പാക്കിയതിനെ തുടർന്നാണ്‌ നടപടി. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷനുമായി സഹകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.

പൊതു സുരക്ഷയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് നടപടികൾ. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ 2025 ജനുവരി മുതൽ മെയ് വരെയായാണ് 12,319 തൊഴിൽ നിയമലംഘകരെ പിടികൂടിയത്. 7,615 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising

തൊഴിൽ പരിശോധനകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷന് ചുമതല കൈമാറിയിരുന്നു, പ്രത്യേക പരിശീലനം ലഭിച്ച ഒമാനി കേഡറുകളാണ് ഇവിടെയുള്ളത്. വിവിധ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രത്യേക സുരക്ഷാ സേവനങ്ങൾ നൽകിക്കൊണ്ട് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ വിജയകരമായ ദേശീയ മാതൃകയെ കമ്പനി പ്രതിനിധീകരിക്കുന്നുവെന്ന് കോർപ്പറേഷൻ സിഇഒ, മുൻ ബ്രിഗേഡിയർ ജനറൽ കൂടിയായ സെയ്ദ് ബിൻ സുലൈമാൻ പറഞ്ഞു.

 

കഴിഞ്ഞ വർഷം കോർപ്പറേഷന്റെ പരിശോധനാ യൂണിറ്റ് 23,566 തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 18,053 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ജനുവരി അഞ്ച് മുതലാണ് മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷന് ചുമതലകൾ നൽകിയത്. നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒമാനി തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News