ഇന്ത്യയും ജിസിസിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ടേംസ് ഓഫ് റഫറൻസിൽ ഒപ്പുവച്ചു
ന്യൂഡൽഹി/റിയാദ്: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) സ്വതന്ത്ര വ്യാപാര കരാറിലേക്ക്. ഇതിനായുള്ള ടേംസ് ഓഫ് റഫറൻസിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചു. ആറ് ജിസിസി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കം മറ്റൊരു പ്രധാന വ്യാപാര ഇടനാഴി തുറക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
നിലവിൽ ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാരം 170 ബില്യൺ ഡോളറാണെന്നും ഏകദേശം ഒരു കോടി ഇന്ത്യക്കാർ ജിസിസി രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ജിസിസിയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യങ്ങൾ, പെട്രോകെമിക്കൽ, ഐസിടി മേഖലകൾക്ക് ഗുണം ചെയ്യുമെന്നും ഗോയൽ അഭിപ്രായപ്പെട്ടു.
യുഎഇയുമായും ഒമാനുമായും ഇന്ത്യക്ക് വ്യാപാര കരാറുകളുണ്ട്. ഇതിനൊപ്പം ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ ചരക്കുകൾക്കും സേവനങ്ങൾക്കും സംരംഭകർക്കും വിദഗ്ധരായ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുകയും വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജിസിസിയുമായി ഗുണകരമായ സാമ്പത്തിക ബന്ധം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ജിസിസിയിലുള്ളത്.
കഴിഞ്ഞ ഡിസംബറിൽ ഒമാനും ഇന്ത്യയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കുക, ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് സുഗമമാക്കുക, ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കരാർ.
ഏകദേശം 20 വർഷം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു. അമേരിക്കയുമായി ഒപ്പുവച്ച വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ഇന്ത്യ ഉടൻ പ്രഖ്യാപിക്കുമെന്നും ഗോയൽ വ്യക്തമാക്കി.