ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നടപടികൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാകണമെന്നും സുപ്രിംകോടതി. ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ ജാതി വിവേചനമായി കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാലിംഗം ബാലാജി എന്ന വ്യക്തി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മാര്‍ച്ച് 20നായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
വിദ്വേഷ പ്രസംഗങ്ങൾ തടയുന്ന വിഷയത്തിൽ സങ്കുചിതമായ സമീപനം പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായം മാത്രം എന്തിനാണ് തങ്ങളുടെ വിഭാഗത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്? മറിച്ച്, ആരും വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നാണ് നാം പറയേണ്ടത്" കോടതി നിരീക്ഷിച്ചു.
സമൂഹത്തിലെ വിദ്യാഭ്യാസ നിലവാരം, ബൗദ്ധിക വികാസം, സഹിഷ്ണുത എന്നിവയെ അടിസ്ഥാനമാക്കിയാണ് വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാകുന്നത്. ജനങ്ങൾക്കിടയിൽ സാഹോദര്യം നിലനിൽക്കുകയാണെങ്കിൽ വിദ്വേഷ പ്രസംഗങ്ങൾ തനിയെ ഇല്ലാതാകുമെന്നും കോടതി കൂട്ടിച്ചേർത്തു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട പരാതികൾ അതത് ഫോറങ്ങളിൽ ഉന്നയിക്കാമെന്നും, ഒരു വിഭാഗത്തിന് മാത്രമായി പ്രത്യേക സംരക്ഷണം നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ജുഡീഷ്യറിക്കെതിരെ നടക്കുന്ന വിമർശനങ്ങളെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഹർജിക്കാരൻ പിന്നീട് ഹർജി പിൻവലിക്കാൻ അനുമതി തേടുകയും കോടതി അനുവദിക്കുകയും ചെയ്തു.
അതേസമയം അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പൗരന്മാരെ തടവിലിടുന്നതും, ദലിതർക്കെതിരായ അതിക്രമങ്ങൾ തുടരുന്നതും ഒരു വികസിത ഭാരതത്തിന്റെ മാതൃകയാകാൻ കഴിയില്ലെന്ന് ബെംഗളൂരുവിൽ നടന്ന സുപ്രിംകോടതി ബാർ അസോസിയേഷൻ സമ്മേളനത്തിൽ ജസ്റ്റിസ് ഭൂയാൻ പറഞ്ഞിരുന്നു. വികസിത ഭാരതത്തിൽ വിയോജിപ്പുകൾക്കും സംവാദങ്ങൾക്കും കൂടുതൽ ഇടമുണ്ടായിരിക്കണം. വിയോജിപ്പുകളെ ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ല." പ്രതിഷേധങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ എന്നിവയ്ക്കെതിരെ പോലും ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുന്ന വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.