സഖ്യമില്ല, ടിവികെ ഒറ്റക്ക് മത്സരിക്കും; പുതുച്ചേരിയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു
പുതുച്ചേരി: നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു.
ഏപ്രില്‍ ഒമ്പതിനാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ വനിതകളാണ്. ടിവികെയിലെത്തിയ മുന്‍ പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി. സ്വാമിനാഥന്‍ മത്സരിക്കുന്നുണ്ട്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് നേരത്തെ പറഞ്ഞിരുന്നു. അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമായാല്‍ മത്സരിക്കാന്‍ 80 സീറ്റുകളും വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി പദവും വിജയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏപ്രില്‍ 23നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ, എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 234 സീറ്റില്‍ 178ല്‍ എഐഎഡിഎംകെയും, 27ല്‍ ബിജെപിയും മത്സരിക്കും. പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും മത്സരിക്കും.