Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ കർഷക ഗ്രാമങ്ങൾക്ക് ഉത്സവമായി ഈത്തപ്പഴ വിളവെടുപ്പിന് തുടക്കം. വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് ഈത്തപ്പഴ വിളവെടുപ്പ് സീസൺ. ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വെട്ടിയെടുക്കുന്ന ഈത്തപ്പഴ കുലകൾ കയർ ഉപയോഗിച്ച് നിലത്തിറക്കും, തുടർന്ന് സംസ്കരണ സ്ഥലത്തേക്ക് കൊണ്ടുപോകും. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും. വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനുറ്റ് വരെ വേവിച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഇവിടെ അഞ്ച് മുതൽ പത്ത് ദിവസം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഈത്തപ്പഴം അങ്ങനെ കിടക്കും. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് ഉണക്കൽ കാലവും നീളും. ഉണങ്ങി കഴിയുന്നതോടെ വിപണനത്തിന് തയ്യാറാവും. പ്രാദേശിക മാർക്കറ്റിനൊപ്പം ഇന്ത്യ മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രധാന വിപണി. നിലവിൽ ഒമാൻ ഈത്തപ്പഴത്തിന് യൂറോപ്യൻ രാജ്യങ്ങളിലും ആവശ്യക്കാർ വർധിക്കുന്നുണ്ട്. ഈത്തപ്പഴം വേവിക്കുന്നതിന് അൽ മബ്സലി, മദ്‍ലൂകി, ബൊളാറംഗ എന്നീ രീതികളുമുണ്ട്. അലങ്കാര വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ തോട്ടങ്ങളിൽ നിന്ന് ഈത്തപ്പഴം കൊയ്തിടുന്ന സമയം മുതൽ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാവും. ഒമാനിലെ ഗ്രാമങ്ങളിൽ ഇതൊരു ഉത്സവമാണ്.