പണം ഇരട്ടിയാക്കുന്ന തട്ടിപ്പ്; ഒമാനി പൗരന് നഷ്ടമായത് ലക്ഷങ്ങൾ

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2026-10-19 16:44 GMT

മസ്കത്ത്: ഒമാനിൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സ്വദേശി പൗരന് നഷ്ടമായത് 29,000 ഒമാനി റിയാൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വൻ ലാഭം വാ​ഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാരുടെ ഇത്തരം ഓഫറുകളിലും പ്രലോഭനങ്ങളിലും വീഴരുതെന്ന് പൊതുജനങ്ങൾക്ക് ആർഒപി മുന്നറിയിപ്പ് നൽകി.

പണം നിക്ഷേപിച്ചാൽ വൻ ലാഭവിഹിതം നൽകാമെന്നും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തുക ഇരട്ടിയാക്കി തിരികെ തരാമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ ഒമാൻ സ്വദേശിയെ കബളിപ്പിച്ചത്. ഇയാളിൽ നിന്നും 29,000 റിയാലോളാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. വടക്കൻ ബാത്തിന പൊലീസ് കമാൻഡും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പ്രതികളെ വലയിലാക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുകൾക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾക്കുമെതിരെ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ആർഒപി മുന്നറിയിപ്പ് നൽകി.

സാമൂഹ്യ മാധ്യമങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്കായി ഉപയോ​ഗിക്കുന്നത്. വ്യാജ വാഗ്ദാനങ്ങളിലും ഇത്തരം പ്രലോഭനങ്ങളിലും വീഴരുത്. തട്ടിപ്പിനിരായയാൽ ഉടൻ തന്നെ പൊലീസിന്റെ ഹോട്ട്‌ലൈൻ നമ്പരായ 80077444 ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം പ്രവാസികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ വായ്പാത്തട്ടിപ്പുകൾക്കെതിരെ കഴിഞ്ഞ ദിവസം റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് വ്യാജ വായ്പ കെണിയിൽപെട്ട് പണം നഷ്ടമായിരുന്നു.  

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News