4 പതിറ്റാണ്ടിന് ശേഷം ചരിത്ര സന്ദർശനം; ഒമാൻ സുൽത്താൻ ബ്രിട്ടനിലേക്ക് തിരിച്ചു

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം

Update: 2026-10-19 10:17 GMT

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോ​ഗിക സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് തിരിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുക, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളിൽ ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള കൂടിയാലോചനയും ഏകോപനവും മെച്ചപ്പെടുത്തുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പ്രതിരോധം, നിക്ഷേപം, വ്യാപാരം, ഹരിത ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഒമാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കും. ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് സുൽത്താനെ അനുഗമിക്കുന്നത്. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സൈദ്, സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സൈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി തുടങ്ങിയ പ്രമുഖർ സംഘത്തിലുണ്ട്.

Advertising
Advertising

ഒമാനിലെ വിദേശ നിക്ഷേപത്തിൽ ഏറ്റവും ഉയർന്ന പങ്കും യുകെയിൽ നിന്നാണ്. 2026 ജൂൺ അവസാനത്തോടെ ഒമാനിലെ നേരിട്ടുള്ള ബ്രിട്ടീഷ് നിക്ഷേപം 16.8 ബില്യൺ ഒമാനി റിയാലിലെത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ 52 ശതമാനത്തിലധികമാണ്. 2026-ലെ ആദ്യ ഏഴ് മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 387.9 ദശലക്ഷം റിയാലിലെത്തി, 2025-ലെ ആകെ വ്യാപാര കണക്കുകളെക്കാൾ (384.7 ദശലക്ഷം റിയാൽ) മുന്നേറ്റമാണിത്. ഹരിത ഹൈഡ്രജൻ, സാങ്കേതികവിദ്യ, ടൂറിസം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്ന് യുകെയിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മൻതരി പറഞ്ഞു.

സാമ്പത്തിക-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിനൊപ്പം മേഖലയിലെ സുരക്ഷ, സമുദ്ര സുരക്ഷ, കപ്പൽ ഗതാഗത സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്ന് യുകെ അംബാസഡർ ലിയാൻ സോണ്ടേഴ്‌സും വ്യക്തമാക്കി. 1982ൽ സുൽത്താൻ ഖാബൂസ് ബിൻ സഈദാണ് അവസാനമായി ബ്രിട്ടൻ സന്ദർശിച്ച ഒമാൻ ഭരണാധികാരി. അദ്ദേഹത്തിന് ശേഷം ഒരു ഒമാൻ സുൽത്താൻ ബ്രിട്ടനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 2025 ജൂലൈയിൽ ബ്രിട്ടനിൽ വെച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News