പ്രവാസികൾ ജാ​ഗ്രതൈ; ഒരു കമന്റിന് 1.2 കോടി രൂപ പിഴ!

യുഎഇയിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റോ കമന്റോ പിഴയ്ക്കും തടവുശിക്ഷയ്ക്കും വഴിവെച്ചേക്കാം

Update: 2026-10-21 11:43 GMT

അബൂദബി: ഒരു സോഷ്യല്‍ മീഡിയ പോസ്റ്റോ കമന്റോ മതി നിങ്ങളുടെ ജീവിതം മാറി മറിയാന്‍. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതേ പ്ലാറ്റ്‌ഫോമിലൂടെ ഒരു ദിവസം കോടികള്‍ നഷ്ട പരിഹാരം നല്‍കേണ്ട അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും അത്ര നിസ്സാരമായി കാണേണ്ട. കണ്ടന്റ് ക്രിയേറ്റേഴ്‌സ് മുതല്‍ സാധാരണ പ്രവാസികള്‍ക്ക് വരെ എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു നിയമമുണ്ട് യുഎഇയില്‍.

നിയമലംഘനത്തിന് ഭീമമായ തുക പിഴ

കൂട്ടുകാരെ ട്രോളിയും കളിയാക്കിയും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്റും കമന്റുകളും ഇടാറുണ്ട്. നമ്മള്‍ തമാശയോടെ കാണുന്ന പതിവ് പരിപാടികള്‍. എന്നാല്‍ uae യില്‍ അത് ഗുരുതരമായ നിയമലംഘനമാണ്.മറ്റുള്ളവരെ insult ചെയ്ത് നിങ്ങളിടുന്ന ഓരോ പോസ്റ്റിനും കമന്റിനും നല്‍കേണ്ടി വരുന്നത് കിടപ്പാടം വിറ്റാല്‍ പോലും ഒടുക്കാന്‍ കഴിയാത്ത പിഴയായിരിക്കും. 5 ലക്ഷം ദിര്‍ഹം അഥവാ കൃത്യമായി പറഞ്ഞാല്‍ 1,29,27,235 രൂപ. പ്രവാസികളടക്കമുള്ളവര്‍ക്ക് ഈ വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പേര്‍ക്ക് അവരുടെ ജോലി വരെ നഷ്ടമായിട്ടുണ്ട്.

Advertising
Advertising

ബോധവത്കരണ കാമ്പയിൻ

നിയമത്തിന്റെ ഗൗരവം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ 'UAE is safe with your digital awareness' എന്ന പേരില്‍ രാജ്യവ്യാപകമായി കാമ്പയിൻ തന്നെ ആരംഭിച്ചിരിക്കുകയാണ്. യുഎഇ ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ്, ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍ എന്നിവ സംയുക്തമായാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്.

നിങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം അത് നിങ്ങള്‍ക്ക് മാത്രമായിരിക്കും. വ്യക്തികളെ അധിക്ഷേപിക്കാനും അവര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങളും നടത്താനുള്ള വേദിയല്ല സമൂഹമാധ്യമങ്ങള്‍. അത്തരത്തില്‍ മറ്റൊരാളെ അപമാനിക്കുകയോ അവഹേളിക്കുകയോ അവര്‍ക്ക് നേരെ ആരോപണം ഉന്നയിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമനടപടി നേരിടേണ്ടി വന്നാല്‍ രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് തടവ് ശിക്ഷയും വരെ ലഭിച്ചേക്കാം. പൊതുപ്രവര്‍ത്തകര്‍, ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് അധിക്ഷേപമെങ്കില്‍ നിയമനടപടി കൂടുതല്‍ കഠിനമാകും. സൗദിയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കമന്റിട്ട ശ്രീലങ്കന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ച സംഭവം നമ്മുടെ ഓര്‍മയിലുണ്ട്.

അഭിപ്രായ സ്വാതന്ത്രം മറ്റുള്ളവരെ അധിക്ഷേപിച്ച് കൊണ്ടാകരുത്

അഭിപ്രായ സ്വാതന്ത്രത്തിനുള്ള വിലക്കല്ല. മറിച്ച്, സമൂഹമാധ്യമങ്ങളിലൂടെ മാന്യമായും ഉത്തരവാദിത്ത ബോധത്തോടെയും പെരുമാറണമെന്നാണ് യുഎഇയിലെ ഈ നിയമം അനുശാസിക്കുന്നത്. പരിഹാസം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഭാഷ എന്നിവയ്ക്ക് പകരം ക്രിയാത്മകമായ സംവാദങ്ങള്‍ക്കും പരസ്പര ബഹുമാനത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് വ്യക്തികളെ അധിക്ഷേപിക്കുന്നതിലേക്ക് മാറരുത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ മാന്യമായി പങ്കുവയ്ക്കാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷമാണ് വേണ്ടതെന്നും അധികൃതര്‍ ഉണര്‍ത്തുന്നു. ദിനംപ്രതി വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, എഐയുടെ ദുരുപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയുമാണ് കാമ്പയിനിന്റെ മറ്റൊരു ലക്ഷ്യം.

​ഗൾഫിലെ നിയമങ്ങൾ കർശനമായി പാലിക്കുക

ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷാ നടപടികളുടെ എത്രത്തോളം ഗൗരവമേറിയതാണെന്ന് നന്നായി അറിയാവുന്നവരാണ് മലയാളികള്‍. ചെറിയ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലും വലിയ തുക പിഴ നല്‍കി പോക്കറ്റ് കീറിയ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ടാകും. നാട്ടിലേതുപോലെ നിസ്സാരമല്ല ഗള്‍ഫിലെ സോഷ്യല്‍ മീഡിയ ഉപയോഗമെന്ന മുന്നറിയിപ്പാണ് യുഎഇയുടെ ഈ നിയമം. മറ്റുള്ളവരുടെ പ്രൈവസിക്ക് യാതൊരു വിലയും കല്‍പിക്കാതെ കണ്ടന്റിന് വേണ്ടി എന്ത് സാഹസികതക്കും മുതിരുന്നവര്‍ക്കുള്ള റെഡ് സിഗ്‌നലും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Byline - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Similar News