സൗദി പ്രതിരോധ മന്ത്രി അബൂദബിയിൽ; സുരക്ഷയും സംയുക്ത സഹകരണവും ചർച്ചയായി

യുഎഇ പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി

Update: 2026-10-18 17:26 GMT

അബൂദബി: മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണവും ചർച്ച ചെയ്ത് സൗദിയും യുഎഇയും. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനും മേഖലയിൽ സുസ്ഥിര സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചയായി. സൗദി ഭരണനേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സന്ദർശനമെന്ന് വ്യക്തമാക്കിയ അമീർ ഖാലിദ്, സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ യുഎഇ പ്രസിഡന്റിന് കൈമാറി.

Advertising
Advertising

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായും സൗദി പ്രതിരോധ മന്ത്രി ചർച്ച നടത്തിയിരുന്നു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളും കൂടിക്കാഴ്ചയിൽ വിശദമായി വിലയിരുത്തി. യമനിലെ സംഘർഷാവസ്ഥയും സൗദിക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന വേളയിലാണ് നിർണായകമായ ഈ സന്ദർശനം. ഇരുരാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമുള്ള കർമപദ്ധതികൾ യോഗം ചർച്ച ചെയ്തു.

അമീർ ഖാലിദ് ബിൻ സൽമാന്റെ അബൂദബി സന്ദർശനം ഏറെ വിജയകരമായിരുന്നുവെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. സൗദിയുടെയും യുഎഇയുടെയും സുരക്ഷയും ഭാവിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ പങ്കാളിത്തമാണ് ഗൾഫ് മേഖലയുടെ സ്ഥിരതയുടെ ആണിക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News