എൽ നിനോ 2027 മാർച്ച് വരെ; 'യുഎഇയിൽ മഴ തകർക്കുമോ'? വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി എൻ.സി.എം
ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും എൽ നിനോ ഏറ്റവും ശക്തമായ ഘട്ടത്തിലെത്തുക
ദുബൈ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന 'എൽ നിനോ' പ്രതിഭാസം 2027 മാർച്ച് വരെ തുടർന്നേക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം). ഇതിന്റെ ഫലമായി യുഎഇയിൽ താപനില ഉയരുന്നതിനൊപ്പം ശരാശരിക്കും മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 2026 ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും എൽ നിനോ അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലെത്തുക. നിനോ 3.4 ഇൻഡക്സ് 3°C വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് വളരെ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നത്. എൽ നിനോ പ്രതിഭാസം 2027 മാർച്ച് വരെ തുടരാനുള്ള സാധ്യത 96 ശതമാനമാണെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്താണ് 'എൽ നിനോ'?
പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഗണ്യമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് ആഗോളതലത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴയുടെ അളവിലും താപനിലയിലും വലിയ മാറ്റങ്ങൾക്കും കാരണമാകുന്നു. സാധാരണയായി 2 മുതൽ 7 വർഷം വരെയുള്ള ഇടവേളകളിൽ രൂപപ്പെടുന്ന എൽ നിനോ 9 മുതൽ 12 മാസം വരെ നീണ്ടുനിൽക്കാറുണ്ട്.
യുഎഇയെ എങ്ങനെ ബാധിക്കും?
ഈ പ്രതിഭാസം അന്തരീക്ഷത്തിൽ ഈർപ്പം കൂട്ടാനും മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കാനും സഹായിക്കുമെങ്കിലും, പ്രളയമോ അതിശക്തമായ കൊടുങ്കാറ്റോ ഉണ്ടാകുമെന്ന് ഇതിനർഥമില്ലെന്ന് എൻ.സി.എം വ്യക്തമാക്കി. പ്രാദേശിക കാലാവസ്ഥാ ഘടകങ്ങൾ അനുകൂലമായാൽ മാത്രമേ ശക്തമായ മഴ ലഭിക്കൂ. എൽ നിനോ മൂലം യുഎഇയിൽ വലിയ പ്രളയവും അസാധാരണ മഴയുമുണ്ടാകുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ അധികൃതർ തള്ളിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. ശരത്കാലത്തിന്റെ ആരംഭത്തോടെ, പ്രത്യേകിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ എൽ നിനോയുടെ സ്വാധീനം മേഖലയിൽ കൂടുതൽ പ്രകടമാകുമെന്ന് കാലാവസ്ഥാ വിദഗ്ധൻ അഹമ്മദ് ഹബീബ് അറിയിച്ചു.