കോളേജ് അഡ്മിഷന്റെ പേരിൽ വ്യാജ വാഗ്ദാനം; ഷാർജയിൽ 15 ലക്ഷം ദിർഹം തട്ടിയ പ്രതിക്ക് തടവ് ശിക്ഷ
കേസ് സിവിൽ കോടതിയിലേക്ക് റെഫർ ചെയ്തിട്ടുണ്ട്
ദുബൈ: മകന് കോളേജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പിതാവിൽ നിന്ന് 15ലക്ഷം ദിർഹത്തിലേറെ തട്ടിയെടുത്ത കേസിൽ പ്രതിക്ക് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറുമാസം തടവ് ശിക്ഷ വിധിച്ചു. കേസ് കൂടുതൽ നടപടികൾക്കായി സിവിൽ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാജ മേൽവിലാസമുപയോഗിച്ചും ഉന്നതരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി.
മകന്റെ കോളേജ് അഡ്മിഷനായി സഹായം തേടിയ പിതാവിനെ സുഹൃത്താണ് പ്രതിക്ക് പരിചയപ്പെടുത്തി നൽകിയത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്നെ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പ്രതി ഉറപ്പുനൽകി. ആദ്യ പടിയായി 70,000 ദിർഹം ആവശ്യപ്പെട്ട ഇയാൾ, ഷാർജയിലെ ഒരു ഷോപ്പിങ് സെന്ററിൽ വെച്ച് പരാതിക്കാരന്റെ മകനിൽ നിന്ന് ഈ പണം നേരിട്ട് കൈപ്പറ്റി. പിന്നീട് ഒരു ഹോട്ടലിൽ വെച്ച് പിതാവിനെ നേരിൽ കണ്ട പ്രതി, ആദ്യ വർഷത്തെ ഫീസായി 4,45,000 ദിർഹവും ഡെപ്പോസിറ്റായി മറ്റൊരു 10 ലക്ഷം ദിർഹവും കൂടി ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ മകൻ 14,45,000 ദിർഹം കൂടി പ്രതിക്ക് കൈമാറി. എന്നാൽ പറഞ്ഞ സമയമായിട്ടും അഡ്മിഷൻ ശരിയാവുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതെ വന്നതോടെയാണ് കുടുംബം നിയമപരമായ നീക്കങ്ങളിലേക്ക് കടന്നത്.
പൊലീസിന്റെയും കോടതിയുടെയും കണ്ണുവെട്ടിക്കാൻ അതീവ ജാഗ്രതയാണ് പ്രതി പുലർത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പൂർണമായി ഒഴിവാക്കിയ ഇയാൾ, പണം മുഴുവൻ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, പണമിടപാടുകൾ നടത്തിയത് സ്വന്തം കാറിനുള്ളിലിരുന്നും. എങ്കിലും, പ്രതിയുമായുള്ള ഫോൺ സന്ദേശങ്ങളും കൂടിക്കാഴ്ചകളുടെ വിവരങ്ങളും സാക്ഷിമൊഴികളും കൃത്യമായി ശേഖരിച്ച് പരാതിക്കാർ കോടതിയിൽ ഹാജരാക്കി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്.