അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡാനിയൽ ലാസർ അന്തരിച്ചു

ലാസർ ഗ്രൂപ്പിന്റെയും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെയും സ്ഥാപകനാണ്

Update: 2026-10-16 14:44 GMT

അജ്മാൻ: അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം സ്വദേശി ഡാനിയൽ ലാസർ(84) നാട്ടിൽ അന്തരിച്ചു. ലാസർ ഗ്രൂപ്പിന്റെയും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെയും സ്ഥാപകനാണ്. യുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ വിദ്യാഭ്യാസചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു.

1968 ഏപ്രിൽ എട്ടിനാണ് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം കൈമുതലാക്കി പൂണെയിൽനിന്നുള്ള യുവ എൻജിനീയറായ ഡാനിയൽ ലാസർ നിർണായകമായ ആ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ടാറ്റ കമ്പനിയിലെ സുരക്ഷിത ഉദ്യോഗം ഉപേക്ഷിച്ച്, ഗുജറാത്തിൽനിന്ന് ഒരു ചെറുബോട്ടിൽ അറബിക്കടലിന്റെ അനിശ്ചിതത്വങ്ങളിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. കഠിനമായ കടൽയാത്ര അതിജീവിച്ച് പത്തുദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഖോർഫക്കാന്റെ തീരത്തെത്തി. യുഎഇയിലെത്തിയശേഷം വൈദ്യുതി മേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം സത്യസന്ധതയും അച്ചടക്കവും അർപ്പണബോധവും കൊണ്ട് ശ്രദ്ധേയനായി. എന്നാൽ വരുംതലമുറകൾക്കായി നിലനിൽക്കുന്നതും സമൂഹത്തിന് നന്മ പകരുന്നതുമായ സംരംഭം സൃഷ്ടിക്കണമെന്ന ആഗ്രഹമാണ് ലാസർ ഗ്രൂപ്പിനും പിന്നീട് നോർത്ത് പോയിന്റ് എജ്യുക്കേഷനും ജന്മം നൽകിയത്.

Advertising
Advertising

മൂല്യബോധവും അറിവും അടിത്തറയാക്കിയ ഈ പ്രസ്ഥാനം ഇന്ന് അജ്മാനിലെ ദ് റോയൽ അക്കാദമി, ദ് ബ്ലൂമിങ്ടൺ അക്കാദമി, ഷാർജയിലെ ദ് ഹോപ് ഇംഗ്ലീഷ് സ്‌കൂൾ എന്നീ മൂന്ന് വിദ്യാലയങ്ങളിലൂടെ മുന്നേറുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുഞ്ഞിനും ലഭിക്കണമെന്ന ദൃഡനിശ്ചയമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. ഭാര്യ: ശോശാമ്മ ലാസർ. മക്കൾ: ലാൻസൺ ലാസർ(നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ), ലിൻസി ലാസർ.

ഡാനിയൽ ലാസറിന്റെ വിയോഗത്തിൽ പ്രവാസി വിദ്യാഭ്യാസസമൂഹം ദുഃഖം രേഖപ്പെടുത്തി. ദ് റോയൽ അക്കാദമി പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധർ, മുതിർന്ന അധ്യാപിക കൃപലത, അസ്മാ ഹോസ്‌നി, ദ് ബ്ലൂമിങ്ടൺ അക്കാദമി പ്രിൻസിപ്പൽ ഹുസൈന ബീഗം നൂർ ഷെരീഫ്, ദ് ഹോപ്പ് ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ടെറി ബർവെൽ, ദി യെല്ലോ ബസ് ടീം അംഗങ്ങൾ, ആർജിഎംസി അംഗങ്ങൾ തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News