Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിമാന സർവീസുകളിലെ തടസ്സങ്ങൾ കാരണം ബുദ്ധിമുട്ട് നേരിട്ടത് ഏകദേശം 1.17 ലക്ഷം യാത്രക്കാർക്ക്. ഇവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് എയർഹെൽപ് വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച ഒമാനിലെ ചട്ടങ്ങൾ പ്രകാരം ഇവർക്ക് ആകെ പത്ത് ലക്ഷം യൂറോ നഷ്ടപരിഹാരം ലഭിക്കാനിടയുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
എന്നാൽ, കൃത്യമായ തുകയോ ഇതിനകം നഷ്ടപരിഹാരം ലഭിച്ച യാത്രക്കാരുടെ എണ്ണമോ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2025 സെപ്റ്റംബർ മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിലെ വിമാന സർവീസുകളാണ് എയർഹെൽപ് വിശകലനം ചെയ്തത്. ദീർഘനേരത്തെ വൈകൽ, സർവീസ് റദ്ദാക്കൽ, യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ വിസമ്മതിക്കൽ എന്നിവയാണ് കമ്പനി വിലയിരുത്തിയത്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി 2024ൽ കൊണ്ടുവന്ന യാത്രക്കാരുടെ അവകാശ സംരക്ഷണ ചട്ടങ്ങൾ രാജ്യത്തുനിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ബാധകമാണ്. ഒമാൻ എയർ, സലാം എയർ തുടങ്ങിയ ഒമാനി വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകൾക്കും ചട്ടങ്ങൾ ബാധകമാണ്. അന്താരാഷ്ട്ര സർവീസുകളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്ന് എയർഹെൽപ് പറയുന്നു.
ലക്ഷ്യസ്ഥാനത്ത് ആറ് മണിക്കൂറിലധികം വൈകി എത്തുക, പുറപ്പെടുന്നതിന് 14 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ വിമാനം റദ്ദാക്കുക, യാത്രക്കാരന്റെ സമ്മതമില്ലാതെ വിമാനത്തിൽ കയറാൻ അനുവദിക്കാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിമാനയാത്രയുടെ ദൂരമനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. 1,500 കിലോമീറ്ററിൽ താഴെയാണെങ്കിൽ 108 റിയാൽ, 1,500 മുതൽ 3,500 കിലോമീറ്റർ വരെ 173 റിയാലും, 3,500 കിലോമീറ്ററിൽ കൂടുതലെങ്കിൽ 260 റിയാലുമാണ് നഷ്ടപരിഹാര തുകയായി ലഭിക്കുക. മസ്‌കത്തിൽ നിന്ന് ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഏറ്റവും ഉയർന്ന നഷ്ടപരിഹാര വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും എയർഹെൽപ് വ്യക്തമാക്കി.