ഒമാനിലെ ഗോതമ്പ് ഉൽപാദനത്തിൽ മികച്ച മുന്നേറ്റം; 76 ശതമാനവും സംഭാവന ചെയ്ത് ദോഫാർ ഗവർണറേറ്റ്‌

  • പതിനായിരം ടണിന് മുകളിൽ വിളവെടുത്ത ഗോതമ്പിന്റെ വിപണി മൂല്യം മൂന്ന് മില്യൺ റിയാലിൽ അധികമാണ്

Update: 2025-07-02 15:13 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഒമാനിലെ ഗോതമ്പ് ഉൽപാദനത്തിൽ 2024-25 കാലയളവിൽ മികച്ച മുന്നേറ്റം. പതിനായിരം ടണിന് മുകളിൽ വിളവെടുത്ത ഗോതമ്പിന്റെ വിപണി മൂല്യം മൂന്ന് മില്യൺ റിയാലിൽ അധികമാണ്. 2023 മുതൽ ആരംഭിച്ച പ്രാദേശിക ഗോതമ്പ് പിന്തുണാ പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിലുടനീളം ഗോതമ്പ് ഉൽപാദനത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി കൃഷി മന്ത്രാലയം പറഞ്ഞു. ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രധാന ധാന്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

2024-2025 സീസണിലെ മൊത്തം ഉൽപാദനം 10,128 ടണ്ണിലെത്തിയെന്നും 3,038,502 റിയാലിന്റെ വിപണി മൂല്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 8,327 ഏക്കറിലാണ് കൃഷി ചെയ്തത്. ഈ വർഷം ഒമാന്റെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 76 ശതമാനവും ദോഫാർ ഗവർണറേറ്റിൽ നിന്നാണ്. 7,723 ടൺ വിളവാണ് ദോഫാറിൽ നിന്ന് ലഭിച്ചത്. ദാഹിറ ഗവർണറേറ്റ് 1,118 ടണ്ണും ദാഖിലിയ ഗവർണറേറ്റ് 877 ടണ്ണും വിളവ് നൽകി. ഉയർന്ന വിളവ് ലഭിക്കുന്നതും ഉയർന്ന നിലവാരമുള്ളതുമായ മെച്ചപ്പെട്ട ഗോതമ്പ് ഇനങ്ങൾ കൃഷി ചെയ്യാൻ കർഷകരെ പ്രാപ്തരാക്കുക, വിളവെടുപ്പ് പ്രവർത്തനങ്ങളിൽ സഹായം നൽകുക, സാങ്കേതികവും ഉപദേശപരവുമായ പിന്തുണ വാഗ്ദാനം ചെയ്യുക എന്നതിൽ മന്ത്രാലയം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News