മസ്‌കത്ത് നൈറ്റ്‌സിന് ഇന്ന് തുടക്കം; ഖുറം പാർക്കിലേക്ക് സൗജന്യ ബസ് സർവീസ്
അറൈമി കോംപ്ലക്‌സ്, ഫത്ഹ് സ്‌ക്വയർ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്
മസ്‌കത്ത്: ഇന്ന് തുടങ്ങുന്ന മസ്‌കത്ത് നൈറ്റ്‌സിനോടനുബന്ധിച്ച് ഖുറം നാച്ച്വറൽ പാർക്കിലേക്ക് മുവാസലാത്തിന്റെ സൗജന്യ ബസ് സർവീസ്. അറൈമി കോംപ്ലക്‌സ്, ഫത്ഹ് സ്‌ക്വയർ എന്നിവിടങ്ങളിൽ നിന്നും നേരെ തിരിച്ചുമാണ് സർവീസ് നടത്തുക. ഇന്ന് മുതൽ ജനുവരി 31 വരെ സർവീസുണ്ടായിരിക്കും. വൈകിട്ട് 4.30 മുതൽ രാത്രി 11.30 വരെ എല്ലാ അര മണിക്കൂറിലുമാണ് സർവീസ്. പ്രകൃതി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള പരിപാടികളാണ് ഖുറം പാർക്കിൽ നടക്കുക.
ഖുറം പാർക്കിന് പുറമേ നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടുകൾ, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ആമിറാത്ത് പാർക്ക്, ബൗഷർ സാൻഡ്സ്, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് എന്നിവിടങ്ങളിലും ഫെസ്റ്റിവൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കും. വാരാന്ത്യങ്ങളിൽ കൂടുതൽ സമയം ഉണ്ടായിരിക്കും. ചില ദിവസങ്ങൾ കുടുംബങ്ങൾക്കും സ്ത്രീകൾക്കും ആഘോഷങ്ങൾ ആസ്വദിക്കാൻ വേണ്ടി നീക്കിവക്കും.
ഓരോ വേദിയിലും വ്യത്യസ്തമായ പരിപാടികളാണ് നടക്കുക. ആമിറാത്ത് പബ്ലിക് പാർക്ക് ഹെറിറ്റേജ് വില്ലേജിന് ആതിഥേയത്വം വഹിക്കും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയിൽ സർക്കസ് പ്രകടനങ്ങളും ഇന്ററാക്ടീവ് വിദ്യാഭ്യാസ ആക്ടിവിറ്റികൾ അരങ്ങേറും. അതേസമയം, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് ഫാഷൻ വീക്കിന് ആതിഥേയത്വം വഹിക്കും. സുർ അൽ ഹദീദിലെ സീബ് ബീച്ച് ബീച്ച് ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകൾക്കുള്ള സ്പോർട്സ് ഹബ്ബാകും. പ്രഭാത ഫിറ്റ്നസ് സെഷനുകളും സൗഹൃദ മത്സരങ്ങളും നടക്കും.
ഖുറിയാത്തിലെ ഭൂമിശാസ്ത്രപരമായ ആകർഷണീയത ഫെസ്റ്റിവലിന് മാറ്റേകും. വാദി അൽ ഖൂദ് സാഹസികതയുടെയും യുവാക്കളുടെ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറും. പ്രൊഫഷണൽ കാർ ഡ്രിഫ്റ്റിംഗ് ഷോകൾക്കൊപ്പം സിപ്പ്ലൈനിങ് പോലുള്ള ഔട്ട്ഡോർ വിനോദങ്ങൾ നടക്കും.