Writer - razinabdulazeez
razinab@321
മസ്കത്ത്: വടക്കൻ അൽ ഷർഖിയയിലെ ഇബ്ര വിലായത്തിൽ പുതിയ മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. വ്യാപാരം വർദ്ധിപ്പിക്കുന്നതിനും സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മത്സ്യ മാർക്കറ്റുകൾ വികസിപ്പിക്കുന്നതിനും മത്സ്യബന്ധന മേഖലയിൽ നിക്ഷേപം വിപുലീകരിക്കുന്നതിനും ദേശീയ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇബ്രയിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ ഡോ. അൻവർ നാസർ അൽ സാദി പറഞ്ഞു. 2,081 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്. 12 മത്സ്യ പ്രദർശന പ്ലാറ്റ്ഫോമുകൾ, ഐസ് നിർമാണ യൂനിറ്റ്, കാത്തിരിപ്പ് മുറി, പമ്പ് റൂം, പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിലവിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വടക്കൻ ഷർഖിയയിലെ എട്ട് വിലായത്തുകളിലെ മത്സ്യ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.