Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിലെ മൂന്ന് കോട്ടകളെ അറബ് രാജ്യങ്ങളിലെ വാസ്തുവിദ്യാ-നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. ജബ്രിൻ കോട്ട, അൽ ഹസം കോട്ട, ബൈത്ത് അൽ ഖബീബ് കോട്ട എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഈജിപ്തിലെ കെയ്റോയിൽ നടന്ന വാസ്തുവിദ്യാ-നഗര പൈതൃക നിരീക്ഷണ സമിതിയുടെ പതിനൊന്നാമത് യോഗത്തിലാണ് തീരുമാനം. ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒമാന്റെ പ്രതിരോധ വാസ്തുവിദ്യയുടെയും നിർമാണ പാരമ്പര്യത്തിന്റെയും ചരിത്രത്തിൽ ഈ കോട്ടകൾക്കുള്ള പ്രാധാന്യം പരിഗണിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ചരിത്രസ്മാരകങ്ങൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ തനിമ നിലനിർത്തുന്നതിനും അറബ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തിപ്പെടുത്താനും ഈ അംഗീകാരം സഹായിക്കും.
ഒമാനിലുടനീളമുള്ള ചരിത്രസ്മാരകങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്. അറബ്, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ചരിത്രപൈതൃകം സംരക്ഷിക്കുന്നതിനും സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും മന്ത്രാലയം തുടരുന്നുണ്ട്.