Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാന്റെ വ്യാവസായിക കയറ്റുമതിയിൽ ഈ വർഷത്തെ ആദ്യ പാദത്തിൽ മികച്ച വർധന. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം 8.6 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.4 ശതകോടി റിയാലായിരുന്നെങ്കിൽ ഈ വർഷമിത് 1.6 ശതകോടി റിയാലിലെത്തി. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും നിർമ്മാണ മേഖലയിൽ 141ശതമാനത്തിന്റെ അസാധാരണമായ വളർച്ചയുണ്ടായിട്ടുണ്ട്.
2024 ലെ ആദ്യ പാദത്തിലെ 53 ദശലക്ഷം റിയാലിൽനിന്ന് കയറ്റുമതി 128 ദശലക്ഷം റിയാലായി ഉയർന്നു. ഉയർന്ന നിലവാരമുള്ള ഒമാനി ഉൽപന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര ഡിമാൻഡ് വർധിച്ചതിനാൽ ലോഹ ഉൽപന്ന മേഖല കയറ്റുമതിയിൽ 14.1 ശതമാനം വർധനവ് രേഖപ്പെടുത്തി.ഒമാന്റെ വ്യാവസായിക മേഖലയുടെ ശക്തിയും വൈവിധ്യവുമാണ് ഈ നല്ല ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വ്യവസായ ഡയറക്ടർ ജനറൽ ഖാലിദ് ബിൻ സാലിം അൽ ഖസ്സാബി പറഞ്ഞു. വ്യാവസായിക കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക, ആഗോള വിപണികളിൽ ഒമാനി ഉൽപന്നങ്ങളുടെ മത്സരശേഷി ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള സംയോജിത വ്യാവസായിക നയങ്ങൾ മന്ത്രാലയം തുടർച്ചയായി നടപ്പിലാക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.