Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ അജ്ഞാത വെടിക്കോപ്പ് ഉപയോഗിച്ച് ആക്രമണമുണ്ടായതായി ബ്രിട്ടീഷ് മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിന്‍റെ നാശനഷ്ടങ്ങളോ നാവികരുടെ പരിക്കോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒമാനിലെ ഖസബ് തീരത്തിന് സമീപം വെച്ചാണ് ആക്രമണമുണ്ടായത്. ഖസബിന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമണം നടന്നതെന്ന് യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് (യു.കെ.എം.ടി.ഒ) റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ഹോർമുസിലും ഒമാൻ തീരത്തിന് സമീപം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ഇറാന്‍റെ ഉപരോധം മറികടന്ന് കപ്പലുകൾ കടത്തിവിടുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹോർമുസിലൂടെ കാര്യമായി കപ്പലുകൾ നീങ്ങുന്നില്ലെന്നാണ് ഷിപ്പിങ് ഡേറ്റകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച 11ഉം ഞായറാഴ്ച എട്ടും കപ്പലുകൾ മാത്രമാണ് ഹോർമുസിലൂടെ നീങ്ങിയത്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം 120-130 കപ്പലുകൾ നീങ്ങിയിരുന്ന സ്ഥാനത്താണിത്. ഹോർമുസിലെ തടസ്സം നീക്കാൻ ഇറാനും ഒമാനും തമ്മിൽ പത്ത് ദിവസത്തിലധികമായി ചർച്ച നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
ലോകത്തിന്‍റെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്നത് ഹോർമുസിലൂടെയാണ്. ഇറാനെതിരെ പ്രഖ്യാപിച്ച നാവിക ഉപരോധത്തിന്‍റെ ഭാഗമായി 35 കപ്പലുകൾ തിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമ്മാൻഡും അവകാശപ്പെട്ടിട്ടുണ്ട്. യമനിലെ ഹൂതികൾ സൗദി അറേബ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ 20 കപ്പലുകൾ സഞ്ചരിച്ചതായാണ് മാരിടൈം ഏജൻസികളുടെ റിപ്പോർട്ട്. 12 എണ്ണ ടാങ്കറുകളും എട്ട് വലിയ ചരക്ക് കപ്പലുകളുമാണ് കടലിടുക്കിലൂടെ സഞ്ചരിച്ചത്. 12 കപ്പലുകൾ ബാബ് അൽ മന്ദബ് മറികടന്നപ്പോൾ എട്ടെണ്ണം ബാബ് അൽ മന്ദബിലേക്ക് പ്രവേശിച്ചു.