ഒമാൻ തീരത്ത്​ ടാങ്കറിൽ സ്​ഫോടനമെന്ന്​ യുകെഎംടിഒ റിപ്പോർട്ട്

കഴിഞ്ഞയാഴ്​ചയും ഒമാൻ തീരത്ത്​ രണ്ട്​ കപ്പലുകളിൽ ആക്രമണവും സ്​ഫോടനവും നടന്നതായി റിപ്പോർട്ടുണ്ട്

Update: 2026-08-03 05:24 GMT

മസ്കത്ത്: ഒമാൻ തീരത്തിന്​ സമീപം ടാങ്കറിൽ സ്​ഫോടനം നടന്നതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്‍റെ (യുകെഎംടിഒ) റി​​പ്പോർട്ട്​. ജീവനക്കാരും കപ്പലും സുരക്ഷിതരാണെന്നും റിപ്പോർട്ട്​ വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ്​ കപ്പലിൽ സ്​ഫോടനം നടന്നത്​. ഒമാനിലെ ഖസബിന്​ 20 ​നോട്ടിക്കൽ മൈ​ലോളം അക​ലെയുള്ള ടാങ്കറിൽ പൊട്ടിത്തെറി നടന്നതായി തിങ്കളാഴ്​ച പുലർച്ച 4.37നാണ്​ യുകെഎംടിഒ റിപ്പോർട്ട്​ ചെയ്​തത്​. പ്രദേശത്തിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായാൽ ഉടൻ ഏജൻസിയെ അറിയിക്കണമെന്നും യുകെഎംടിഒ നിർദേശിച്ചിട്ടുണ്ട്​.

Advertising
Advertising

കഴിഞ്ഞയാഴ്​ചയും ഒമാൻ തീരത്ത്​ രണ്ട്​ കപ്പലുകളിൽ ആക്രമണവും സ്​ഫോടനവും നടന്നതായി യുകെഎംടിഒ ​നേരത്തേ റിപ്പോർട്ട്​ ചെയ്തിരുന്നു. ഖസബിനും ലിമക്കും സമീപമാണ്​ അന്ന്​ കപ്പലിന്​ നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട്​ ചെയ്തത്​. ഖസബിന് ഏകദേശം 21 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ടാങ്കറിൽ സ്ഫോടനവും സമീപത്ത് വലിയ സ്‌ഫോടനവും റിപ്പോർട്ട് ചെയ്തതായിരുന്നു റിപ്പോർട്ട്​. ലിമയിൽ നിന്ന് 11 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ടാങ്കറിൽ അജ്ഞാത പ്രൊജക്റ്റൈൽ ഇടിച്ചതായും എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട്​ ചെയ്തിരുന്നു. ഒരു കപ്പൽ പ്രവർത്തന രഹിതമായും റിപ്പോർട്ടുണ്ടായിരുന്നു. ഇതേതുടർന്ന്​ ഒമാൻ പരിസ്ഥിതി ​അതോറിറ്റി അന്വേ​ഷണം നടത്തുന്നുണ്ട്​. നിലവിൽ പാരിസ്ഥിതിക പ്രശ്​നങ്ങളൊന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്​തമാക്കിയിട്ടുണ്ട്​.

ജലാശയങ്ങളിൽ പരിശോധനകൾ തുടരുന്നതി​നൊപ്പം ഡാറ്റയുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും വിശകലനം, സാങ്കേതിക നിരീക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും നിരീക്ഷണ നടപടികളിൽ ഉൾപ്പെടുന്നുണ്ട്​. പ്രദേശത്തെ കപ്പലുകൾ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പരിസ്ഥിതി ​അതോറിറ്റി നിർദേശിച്ചിട്ടുണ്ട്​. ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനു ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News