മസ്കത്തിന്‍റെ ചരിത്രവഴികളിലൂടെ ഓടാം; നവംബർ ആറിന്
ഒമാനിന്‍റെ പൈതൃകം അടുത്തറിയാവുന്ന രീതിയിലാണ് മസ്കത്ത് ഹെറിറ്റേജ് റൺ 2026
മസ്കത്ത്: ഒമാന്‍റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ അവസരമൊരുക്കി മസ്കത്ത് ഹെറിറ്റേജ് റൺ 2026 നവംബർ ആറിന് നടക്കും. കായിക വിനോദത്തോടൊപ്പം തലസ്ഥാന നഗരിയുടെ ചരിത്രപ്രധാനമായ ഇടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും പരിചയപ്പെടുത്തും. മസ്കത്ത് ഗവർണറേറ്റിന്‍റെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. കായികക്ഷമതയും സാംസ്കാരിക പൈതൃകവും ഒരുമിപ്പിക്കുന്ന വേറിട്ട അനുഭവമായാണ് ഹെറിറ്റേജ് റൺ ഒരുക്കുന്നത്. പതിവ് മാരത്തൺ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി, ഓട്ടത്തിലൂടെ നഗരത്തിന്‍റെ ചരിത്രവും പൈതൃകവും അടുത്തറിയാൻ പങ്കെടുക്കുന്നവർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഒമാന്‍റെ സാംസ്കാരിക സ്വത്വവും മസ്കത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവർണറേറ്റിന്‍റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നത്.
നവംബർ ആറിന് രാവിലെ 5.30 മുതൽ 11.30 വരെയാണ് പരിപാടി. മസ്കത്തിലെ അൽ ആലം കൊട്ടാരത്തിന് സമീപമുള്ള നാഷനൽ മ്യൂസിയം കാർ പാർക്കിങ് ഏരിയയാണ് പ്രധാന സംഗമകേന്ദ്രം. ഒമാന്‍റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന പഴയ മസ്കത്തിന്‍റെ ഹൃദയഭാഗത്താണ് പരിപാടി നടക്കുന്നത്. അൽ ആലം കൊട്ടാരവും നാഷനൽ മ്യൂസിയവും ഉൾപ്പെടുന്ന ഈ പ്രദേശം ചരിത്രപരമായും വിനോദസഞ്ചാരപരമായും ഏറെ പ്രാധാന്യമുള്ളതാണ്. കൊട്ടാരത്തിന് സമീപം 16ാം നൂറ്റാണ്ടിലെ ചരിത്രം പേറുന്ന അൽ ജലാലി, അൽ മിറാനി കോട്ടകളും സ്ഥിതി ചെയ്യുന്നുണ്ട്.
ചരിത്രപ്രദേശങ്ങൾ, കോട്ടകൾ, മ്യൂസിയങ്ങൾ, പഴയ നഗരവീഥികൾ എന്നിവ ഒമാന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണ്. നാഷനൽ മ്യൂസിയത്തിന് സമീപമുള്ള ഈ പ്രദേശത്തുനിന്ന് മത്ര സൂഖ്, മത്ര കോർണിഷ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്താം. പണമടച്ചുള്ള പരിപാടിയായാണ് ഹെറിറ്റേജ് റൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് Experience Oman ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. നവംബർ 6ന് രാവിലെ 5.30 മുതൽ 11.30 വരെയാണ് നടക്കുക.