റിയാദ് എയർപോർട്ട് അടഞ്ഞുതന്നെ; ബദൽ യാത്ര തപ്പി പ്രവാസികൾ, മസ്‌കത്ത് റൂട്ടിലും നിരക്ക് കൂട്ടി

വിമാന ടിക്കറ്റിന് പുറമെ ബസ് യാത്രാച്ചെലവും കൂടി ആകുമ്പോൾ യാത്രക്കാർ നേരിടുന്നത് വലിയ സാമ്പത്തിക ബാധ്യത

Update: 2026-10-24 17:36 GMT

മസ്കത്ത്: സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടതോടെ വലഞ്ഞ് പ്രവാസികളും ഉംറ തീർഥാടകരും. നാട്ടിലേക്ക് മടങ്ങാൻ പ്രതിസന്ധിയിലായവർ ബദൽ യാത്ര കണ്ടെത്തുന്നത് ഒമാൻ വഴിയാണ്. എന്നാൽ തിരക്ക് വർധിച്ചതോടെ ഈ മേഖലയിലെ ടിക്കറ്റ് നിരക്കും കുതിച്ചുയരുന്നുണ്ട്.

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് സൗദിയിൽ നിന്ന് കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതോടെ കരമാർഗം ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെത്തി അവിടെനിന്ന് വിമാനമാർഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുകയാണ് മലയാളികളടക്കമുള്ള വലിയൊരു വിഭാഗം. നാട്ടിൽനിന്ന് മസ്‌കത്തിലെത്തി കരമാർഗം സൗദിയിലെത്താനും യാത്രക്കാർ ഈ വഴി തിരഞ്ഞെടുക്കുന്നു. കുറഞ്ഞ നിരക്കിൽ യാത്ര പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് പലരും മസ്‌കത്തിനെ ആശ്രയിക്കുന്നത്. എന്നാൽ, മസ്‌കത്ത് വഴിയുള്ള യാത്രക്കാരുടെ എണ്ണം ഒറ്റയടിക്ക് വർധിച്ചതോടെ ഈ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കിലും വൻ വർധനവുണ്ടായി.

Advertising
Advertising

ലഭ്യമായ സീറ്റുകൾ കുറഞ്ഞതോടെ ടിക്കറ്റുകൾക്ക് അധിക തുക നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വിമാന ടിക്കറ്റിന് പുറമെ ബസ് യാത്രാച്ചെലവും കൂടി കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഉംറ തീർഥാടകർക്കും ഈ ദീർഘദൂര ബസ് യാത്ര പ്രയാസകരവുമാണ്. അതേസമയം നിലവിലെ സാ​ഹചര്യത്തിൽ റിയാദ് എയർപോർട്ട് അടഞ്ഞുതന്നെ കിടക്കുകയാണ്. ആകാശ് എയർ നവംബർ 30 വരെ റിയാദിലേക്കുള്ള സർവീസുകളും, നവംബർ 10 വരെ ജിദ്ദയിലേക്കുള്ള സർവീസുകളും റദ്ദ് ചെയ്തത് നീട്ടിയിട്ടുണ്ട്. ഈ മാസം 31 വരെ ഇൻഡിഗോയും, എയർ ഇന്ത്യ ഗ്രൂപ്പും സർവീസുകൾ റദ്ദാക്കിയത് നീട്ടി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News