ഒമാനിലെ വിവിധ ഭാഗങ്ങളിൽ സെപ്റ്റംബറിൽ അനുഭവപ്പെട്ടത് പതിവിലും ഉയർന്ന ചൂട്

താപനില ദീർഘകാല ശരാശരിയേക്കാൾ കൂടുതലെന്ന് സിഎഎ

Update: 2026-10-09 15:18 GMT

മസ്‌കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ സെപ്റ്റംബറിൽ അനുഭവപ്പെട്ടത് പതിവിലും ഉയർന്ന ചൂട്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഎഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒമാനിലെ ആറ് കാലാവസ്ഥാ കേന്ദ്രങ്ങളിലും സെപ്റ്റംബർ മാസത്തെ താപനില ദീർഘകാല ശരാശരിയേക്കാൾ കൂടുതലാണ്. ദീർഘകാല ശരാശരിയേക്കാൾ 1.4°C വരെ കൂടുതൽ ചൂടുണ്ടായതായാണ് കണക്ക്.

ആറ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിമാസ ശരാശരി താപനില രേഖപ്പെടുത്തിയത് ബുറൈമിയിലാണ് (35.9°C). റുസ്താഖ്, ബുറൈമി എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വ്യത്യാസം (1.4°C) രേഖപ്പെടുത്തിയത്. ബുറൈമിയിൽ 35.9°Cഉം റുസ്താഖിൽ 34.5°Cഉം ആയിരുന്നു പ്രതിമാസ ശരാശരി താപനില. ഇവ രണ്ടും അതത് സ്ഥലങ്ങളിലെ സെപ്റ്റംബറിലെ ദീർഘകാല ശരാശരിയേക്കാൾ 1.4°C കൂടുതലാണ്. സുഹാറിൽ ശരാശരി താപനില 32°C രേഖപ്പെടുത്തി, ഇത് സെപ്റ്റംബർ മാസത്തെ ശരാശരിയേക്കാൾ 1.2°C കൂടുതലാണ്. മസ്‌കത്തിൽ 32.1°Cഉം സൂറിൽ 32.8°C-ഉം രേഖപ്പെടുത്തി. ഇവ രണ്ടും ദീർഘകാല ശരാശരിയേക്കാൾ 1°C കൂടുതലാണ്. മസീറയിൽ 27.5°C രേഖപ്പെടുത്തി, ഇത് 0.6°Cന്റെ വ്യത്യാസമാണ് കാണിക്കുന്നത്. മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയല്ല, മറിച്ച് പ്രതിമാസ ശരാശരി താപനിലയെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertising
Advertising

അതേസമയം, സെപ്റ്റംബർ മാസത്തിൽ ദോഫാർ ഗവർണറേറ്റിലെ ദൽകൂത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചു. 73.4 മി.മീ മഴയാണ് ലഭിച്ചത്. ഖൈറൂൻ ഹൈരിതി 58.6 മി.മീ, അൽ ഹംറ 27.8 മി.മീ, സായിഖ് 20.2 മി.മീ, സലാല 17.6 മി.മീ എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ മഴ രേഖപ്പെടുത്തിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News