ഇനി ഊണ് കേമം...; ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ സെപ്റ്റംബർ ഒന്ന് മുതൽ
മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് സീസൺ
മസ്‌കത്ത്: ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് മൂന്ന് മാസം വരെ നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) അറിയിച്ചു. ഉയർന്ന പോഷകമൂല്യവും ആഭ്യന്തര, അന്തർദേശീയ വിപണികളിലെ വർധിച്ചുവരുന്ന ആവശ്യകതയും കാരണം ചെമ്മീൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവിഭവങ്ങളിലൊന്നാണെന്ന് മന്ത്രാലയം അറിയിച്ചു.
സൗത്ത് ഷർഖിയ, ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾക്ക് ഈ സീസൺ പ്രത്യേക പ്രാധാന്യമുള്ളതാണ്. ഇവിടങ്ങളിൽ ചെമ്മീൻ മത്സ്യബന്ധനം പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തിന് സംഭാവന നൽകുകയും സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്നതാണ്.
ഒമാന്റെ ജലാശയങ്ങളിൽ 12 ഇനം ചെമ്മീനുകളാണ് കാണപ്പെടുന്നത്. എന്നാൽ പരമ്പരാഗതമായി വല ഉപയോഗിച്ച് പിടിക്കുന്നതിൽ നാല് ഇനങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ. വെളുത്ത ഇന്ത്യൻ ചെമ്മീൻ, വെളുത്ത ചെമ്മീൻ, ടൈഗർ പ്രോൺസ്, ഡോട്ടഡ് ചെമ്മീൻ എന്നിവയാണിവ.
മസീറ ദ്വീപ്, മഹൂത്ത്, അൽ വുസ്തയുടെ തീരപ്രദേശങ്ങൾ, സൗത്ത് ഷർഖിയയുടെ തീരപ്രദേശം എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലാണ് ചെമ്മീൻ ആവാസ വ്യവസ്ഥകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.