ചൂടിന് വിട; ഖത്തറിൽ ഇന്ന് മുതൽ ശരത്കാലം
രണ്ടു ദിവസം മുമ്പെ അൽ സുബ്റ നക്ഷത്രമുദിച്ചിരുന്നു
ദോഹ: ഖത്തറിൽ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ്. ഇന്നു മുതൽ ശരത്കാലത്തിന് തുടക്കമായി. അത്യുഷ്ണം നിറഞ്ഞ ദിനരാത്രങ്ങൾക്ക് ശേഷം കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
വേനൽക്കാലത്തെ കനത്ത ചൂടിനും രാത്രിയിലെ ഈർപ്പത്തിനും പിന്നാലെയാണ് ഖത്തറിൽ ശരത്കാലമെത്തുന്നത്. രണ്ടു ദിവസം മുമ്പെ ശരത്കാലത്തിന്റെ വരവറിയിച്ച് ആകാശത്ത് അൽ സുബ്റ നക്ഷത്രമുദിച്ചിരുന്നു. പതിമൂന്നു ദിവസം നീളുന്ന ഈ കാലയളവിൽ പകൽ സമയങ്ങളിൽ ചൂട് തുടരുമെങ്കിലും, രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശക്തമായ വടക്കൻ കാറ്റുണ്ടാകും. സുഹൈൽ സീസണിലെ മൂന്നാം ഘട്ടമാണ് അൽ സുബ്റ. അവസാന ഘട്ടമായ അൽ ജബ്ഹ എത്തുന്നതോടെ ചൂട് പൂർണമായും ഇല്ലാതാകും. കൃഷിക്ക് വിത്തിറക്കാൻ ഏറെ അനുയോജ്യമായ സമയമാണിത്. ഇന്ന് 42 ഡിഗ്രിയാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.