ദുബൈ, ഷാർജ സർവീസുകൾ പുനഃരാരംഭിച്ച് ഖത്തർ എയർവേയ്‌സ്
ദമസ്‌കസിലേക്കുള്ള പ്രതിദിന സർവീസ് മേയ് ഒന്നിന് ആരംഭിക്കും
ദോഹ: യുഎഇ, സിറിയ രാഷ്ട്രങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പുനഃരാരംഭിച്ച് ഖത്തർ എയർവേയ്‌സ്. സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രീമിയം അടക്കമുള്ള എല്ലാ യാത്രാ സേവനങ്ങളും ലഭ്യമാണെന്ന് വിമാനക്കമ്പനി അറിയിച്ചു.
ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ദുബൈയിലേക്കും ഷാർജയിലേക്കും വ്യാഴാഴ്ച മുതലാണ് ഖത്തർ എയർവേയ്‌സ് പ്രതിദിന സർവീസ് തുടങ്ങിയത്. സിറിയയിലെ ദമസ്‌കസിലേക്കുള്ള പ്രതിദിന സർവീസ് മേയ് ഒന്നിന് ആരംഭിക്കും. ജൂൺ 16നുള്ളിൽ 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവിസുകൾ വ്യാപിപ്പിക്കുമെന്ന് നേരത്തേ വിമാനക്കമ്പനി പ്രഖ്യാപിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാലോ മറ്റ് അടിയന്തര സാഹചര്യങ്ങളാലോ ഷെഡ്യൂളുകൾ ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ സമയക്രമം പരിശോധിക്കണം. യാത്രാ ബുക്കിങ് സമയത്ത് നൽകിയിരിക്കുന്ന ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്കു കൂടി സർവീസ് നടത്താൻ സിവിൽ വ്യോമയാന അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഫ്‌ളൈ ദുബൈ, എയർ അറേബ്യ അടക്കം എട്ട് വിമാനക്കമ്പനികൾ ദോഹയിൽ നിന്ന് സർവീസ് ആരംഭിക്കുന്നുണ്ട്.