സൗദിയുടെ 'ഓപ്പറേഷൻ തൂഫാൻ'; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 686 കേസുകൾ
വിവരങ്ങൾ കൈമാറുന്നവർക്ക് വൻ തുക വാഗ്ധാനം ചെയ്ത് സൗദി കസ്റ്റംസ്
റിയാദ്: രാജ്യത്തെ കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകൾ വഴി വൻതോതിൽ നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച 686 കേസുകൾ ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ പിടികൂടിയതായി സൗദി ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വിവിധ രൂപത്തിലുള്ള കള്ളക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയിൽ വലയിലായത്. പിടിച്ചെടുത്തവയിൽ വലിയ അളവിലുള്ള ലഹരിപദാർഥങ്ങളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും ഉൾപ്പെടുന്നുണ്ടെന്ന് അതോറിറ്റി വെളിപ്പെടുത്തി.
82 മയക്കുമരുന്ന് വസ്തുക്കൾ, 23 നിരോധിത വസ്തുക്കൾ, 1484 പുകയിലയും അതിന്റെ ഉൽപന്നങ്ങളും ഇവയിലുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. കൂടാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 22 സാമ്പത്തിക ഇടപാടുകളും (രേഖകളില്ലാത്ത പണം) രണ്ട് ആയുധങ്ങളും അവയുടെ അനുബന്ധ സാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തെ ഇത്തരം നിരോധിത വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ഇറക്കുമതി, കയറ്റുമതി മേഖലകളിൽ കസ്റ്റംസ് നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്ന് അതോറിറ്റി ആവർത്തിച്ചു. ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്നുള്ള സംയുക്ത സഹകരണത്തോടെയാണ് അതോറിറ്റി ഈ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നത്.
കള്ളക്കടത്ത് തടയുന്നതിലൂടെ സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് അതോറിറ്റി ആഹ്വാനം ചെയ്തു. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സുരക്ഷാ നമ്പറായ 1910 വഴിയോ, ഇമെയിൽ വഴിയോ അറിയിക്കാവുന്നതാണ്. വിദേശങ്ങളിൽ നിന്നുള്ളവർക്ക് 009661910 എന്ന അന്താരാഷ്ട്ര നമ്പറിലും ബന്ധപ്പെടാം. വിവരങ്ങൾ നൽകുന്നവരുടെ രഹസ്യസ്വഭാവം പൂർണമായും സൂക്ഷിക്കുമെന്നും നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ വിവരം നൽകിയ വ്യക്തിക്ക് വലിയ തുക സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി.