പണിയെടുത്തില്ലേൽ പണിപാളും; റോഡ് നിർമാണത്തിൽ മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനയുമായി അതോറിറ്റി
നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ് ഈ പരിശോധനാ പ്രക്രിയ നടക്കുന്നത്
റിയാദ്: സൗദിയിലെ റോഡ് നിർമാണത്തിൽ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി റോഡ് കോഡ് അനുസരിച്ചുള്ള പരിശോധനകൾ കർശനമാക്കുന്നതായി റോഡ്സ് ജനറൽ അതോറിറ്റി വ്യക്തമാക്കി. റോഡ് പദ്ധതികളുടെ ഗുണനിലവാരം ഉയർത്താനും, സുരക്ഷ വർധിപ്പിക്കാനും, നിർമാണ കാര്യക്ഷമത കൂട്ടാനും ഇത് സഹായിക്കും.
നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ് ഈ പരിശോധനാ പ്രക്രിയ നടക്കുന്നത്. റോഡുകളുടെ ഉടമസ്ഥതയുള്ള വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരശേഖരണം, കോഡ് എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്താൻ നിർദിഷ്ട റോഡ് പദ്ധതികളുടെ സാമ്പിളുകൾ തിരഞ്ഞെടുക്കൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ബോധ്യപ്പെടാൻ ഫീൽഡ് സന്ദർശനങ്ങൾ എന്നിവയാണ് പരിശോധനാപ്രക്രിയകൾ.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനും നിർദേശങ്ങൾ കൂടുതൽ കർശനമായി പാലിക്കാനുമുള്ള തിരുത്തൽ പദ്ധതികൾ സമർപ്പിക്കൽ. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അവ ദീർഘകാലം നിലനിർത്താനും ഈ രീതി റോഡ് ഉടമസ്ഥരെ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സുരക്ഷ, ഗുണനിലവാരം, വാഹനസാന്ദ്രത കൈകാര്യം ചെയ്യൽ എന്നിങ്ങനെ റോഡ് മേഖലയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് ഈ നടപടി. കാര്യക്ഷമമായ റോഡ് രൂപകൽപനയിലൂടെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും, സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്ന ശക്തമായ ഇൻഫ്രാസ്ട്രക്ചർ നിർമിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഇത് വഴി സാധിക്കും.