ഹോർമുസിലെ നാവിഗേഷൻ സ്വാതന്ത്ര്യം ചർച്ച ചെയ്ത് സൗദി, ഒമാൻ വിദേശകാര്യ മന്ത്രിമാർ

കൂടിക്കാഴ്ച മസ്‌കത്തിൽ

Update: 2026-07-08 15:44 GMT

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് സൗദി, ഒമാൻ വിദേശകാര്യ മന്ത്രിമാർ. ഇന്ന് മസ്‌കത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും വിഷയം ചർച്ച ചെയ്തത്. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ അവലോകനം ചെയ്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ സംരക്ഷിക്കണമെന്നും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പ്രാദേശിക സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കണമെന്നും മന്ത്രിമാർ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെത്തിയത്.

Advertising
Advertising

സൗദിയും ഒമാനും തമ്മിലുള്ള ബന്ധം മന്ത്രിമാർ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഗൾഫിലെ സഹകരണം കൂടുതൽ വർധിപ്പിക്കാനുമുള്ള വഴികളും ചർച്ചയായി. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള കര അതിർത്തി വഴിയുള്ള സഞ്ചാരം, ഗതാഗത മേഖലയിലും ലോജിസ്റ്റിക് കണക്റ്റിവിറ്റിയിലുമുള്ള സഹകരണം എന്നിവയും ചർച്ചയായി.

സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതും പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News