ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരൻ, സൗദിയിൽ ചികിത്സയിൽ
ഇസ്രായേൽ സർവീസുകൾ റദ്ദാക്കി ഫ്ലൈ ദുബൈ
ദുബൈ/ റിയാദ്: ബുധനാഴ്ച രാവിലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരൻ എന്ന് സ്ഥിരീകരണം.
ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാർ തബൂക്കിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സൗദി അധികൃതരുമായി ചേർന്ന് ആവശ്യമായതെല്ലാം ഒരുക്കുന്നതായും എംബസി വൃത്തങ്ങൾ വ്യക്തമാക്കി. പൈലറ്റ് ഇന്ത്യക്കാരൻ ആണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും രാത്രി വൈകിയാണ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചത്.
അതിനിടെ, ഇസ്രായേലിലേക്കുള്ള സർവീസ് ഫ്ലൈദുബൈ റദ്ദാക്കി.
സൗദിയിൽ ഫ്ലൈ ദുബൈ വിമാനം ഇടിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
അന്വേഷണം അവസാനിക്കുന്നത് വരെ ഇസ്രായേലിലേക്കും തിരിച്ചും സർവീസ് ഉണ്ടാവില്ല.
സംഭവത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ ജനറൽ സിവിൽഏവിയേഷൻ ആണ് അന്വേഷിക്കുക. അന്വേഷണ കണ്ടെത്തൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പരിക്കേറ്റ ജീവനക്കാർ സൗദിയിൽ ചികിത്സയിലാണെന്നും കോക്പിറ്റിൽ സംഘർഷമുണ്ടായതായും പ്രശ്നം നിയന്ത്രണവിധേയമെന്നും അതോറിട്ടി അറിയിച്ചു. വിമാനത്തിലെ ചില ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്തിൽ സംഭവിച്ച കാര്യങ്ങളും സാഹചര്യങ്ങളും അടക്കം അന്വേഷണ പരിധിയിൽ വരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ദുബൈയിൽ നിന്ന് ടെൽ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിലാണ് പൈലറ്റുമാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഒരു പൈലറ്റിന് കത്തിക്കുത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതോടെ വിമാനം സൗദിയിലേക്ക് തിരിച്ചുവിടുകയും തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു ഫ്ലൈ ദുബൈ വിമാനത്തിൽ ടെൽ അവീവിൽ എത്തിച്ചു.