റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം; മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു
ഇന്നലെയുണ്ടായ ആക്രമണത്തിൽ പ്രവാസികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
റിയാദ്: റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണങ്ങളിൽ സൗദിയ (സൗദി അറേബ്യൻ എയർലൈൻസ്) പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സൗദിയ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ ഖഥ്മിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരവും നിസ്സാരവുമായ പരിക്കുകളോടെ ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ആക്രമണങ്ങളിൽ വിമാനത്താവളത്തിന് ചില ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അതോറിറ്റി വ്യക്തമാക്കി.
വിമാനത്താവളത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം നടന്നത്. രണ്ടാമത്തെ ആക്രമണം സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിന് നേരെയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം ഉണ്ടായ ഉടൻ തന്നെ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളും കാര്യക്ഷമമായി രംഗത്തിറങ്ങി. നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ തുടരുകയാണ്. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെന്നും വ്യോമഗതാഗതം പൂർവസ്ഥിതിയിലായെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
അതേസമയം, സൗദിയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പ്രാദേശിക ഭരണകൂടം ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് പൗരന്മാർക്ക് കർശന മുന്നറിയിപ്പുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് വഴിയുള്ള സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറായ 8002471234 ലഭ്യമാണെന്നും, പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്നും എംബസി വ്യക്തമാക്കി.