സൗദിയുടെ വിദേശ കരുതൽ ആസ്തിയിൽ 8110 കോടി റിയാലിന്റെ കുറവ്; സെപ്റ്റംബറിലെ കണക്ക് പുറത്ത്
പ്രതിമാസ കണക്കുകളിൽ കുറവുണ്ടായെങ്കിലും, വാർഷികാടിസ്ഥാനത്തിൽ വിദേശ ആസ്തികളിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി
റിയാദ്: സൗദിയുടെ വിദേശ കരുതൽ ആസ്തിയിൽ സെപ്റ്റംബറിൽ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് 81.1 ശതകോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തിന്റെ മൊത്തം കരുതൽ ശേഖരം 1.75 ട്രില്യൺ റിയാലായതായി സൗദി സെൻട്രൽ ബാങ്ക് (സാമ) വ്യക്തമാക്കി. പ്രതിമാസ കണക്കുകളിൽ കുറവുണ്ടായെങ്കിലും, വാർഷികാടിസ്ഥാനത്തിൽ വിദേശ ആസ്തികളിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 56.9 ശതകോടി റിയാലിന്റെ വർധനവാണ് നിലവിലുള്ളത്.
വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപങ്ങൾ, അന്താരാഷ്ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) കരുതൽ ധനം, സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്‌സ് (എസ്.ഡി.ആർ), സ്വർണ ശേഖരം എന്നിവ ഉൾപ്പെടുന്നതാണ് രാജ്യത്തിന്റെ വിദേശ ആസ്തി. ഇതിൽ 95 ശതമാനത്തോളം വരുന്ന വിദേശ കറൻസി കരുതൽ ശേഖരത്തിൽ വാർഷികാടിസ്ഥാനത്തിൽ നാല് ശതമാനം വർധനവുണ്ടായി. ഇത് 1.65 ട്രില്യൺ റിയാലിലെത്തി നിൽക്കുകയാണ്. ഐ.എം.എഫിലെ കരുതൽ ധനം രണ്ട് ശതമാനം ഉയർന്ന് 13.3 ശതകോടി റിയാലായപ്പോൾ, എസ്.ഡി.ആർ മൂന്ന് ശതമാനം കുറഞ്ഞ് 78.9 ശതകോടി റിയാലായി. അതേസമയം, രാജ്യത്തിന്റെ സ്വർണ ശേഖരത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. 2008 ഫെബ്രുവരി മുതൽ രേഖപ്പെടുത്തുന്ന 1.62 ശതകോടി റിയാലിൽ തന്നെയാണ് ഇപ്പോഴും സ്വർണ ആസ്തി നിലനിൽക്കുന്നത്.