വ്യോമമേഖലയിൽ സുരക്ഷാ ആശങ്ക; യുഎഇയിൽ നിന്ന് റദ്ദാക്കിയ സൗദി സർവീസുകൾ അറിയാം...

എയർപോർട്ടിലേക്ക് പോകും മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ

Update: 2026-10-09 13:58 GMT

ദുബൈ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് യുഎഇയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 9, 10 ദിവസങ്ങളിലെ സർവീസുകളെയാണ് സുരക്ഷാ ആശങ്കകളും വ്യോമപാതയിലെ നിയന്ത്രണങ്ങളും പ്രധാനമായും ബാധിച്ചത്. എമിറേറ്റ്സ്, ഇത്തിഹാദ് , ഫ്ലൈ ദുബൈ എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്. എയർ അറേബ്യ റിയാദിലേക്കുള്ള ചില വിമാനങ്ങളുടെ സമയക്രമം മാറ്റുകയും മറ്റ് ചില സൗദി നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒരു പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദിയ എയർലൈൻസിന്റെ വിമാനത്തിനും ടെർമിനൽ സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Advertising
Advertising

റദ്ദാക്കിയ സർവീസുകൾ

എമിറേറ്റ്‌സ്: ദുബൈ-റിയാദ് EK815, EK819, EK817 എന്നീ വിമാനങ്ങളുടെ വെള്ളി, ശനി ദിവസങ്ങളിലെ സർവീസുകൾ റദ്ദാക്കി. സാങ്കേതികവും സുരക്ഷാ ആശങ്കയെ തുടർന്നുമാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.

ഇത്തിഹാദ് എയർവേസ്: അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള 8 സർവീസുകൾ റദ്ദാക്കി. ഇന്ന് 6 EY551, EY552, EY555, EY556, EY559, EY560 തുടങ്ങി 6 വിമാനങ്ങളും ശനിയാഴ്ച EY551, EY552 2 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

ഫ്ലൈ ദുബൈ: റിയാദിലേക്കുള്ള FZ847, FZ841, FZ855 എന്നീ വിമാനങ്ങൾ റദ്ദാക്കി. കൂടാതെ റിയാദ്, യാമ്പു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെയും അബഹയിലേക്കുള്ളത് ഒക്ടോബർ 11 വരെയും റദ്ദാക്കിയിട്ടുണ്ട്.

എയർ അറേബ്യ: ഷാർജയിൽ നിന്നുള്ള ചില സർവീസുകൾ വൈകി. അബഹ (G9195), തബൂക് (G9191) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. അതേസമയം ശനിയാഴ്ചത്തെ റിയാദ് സർവീസുകൾ നിലവിൽ മാറ്റമില്ലാതെ തുടരും.

യാത്രക്കാർ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വിമാനക്കമ്പനികളുടെ ഒഫീഷ്യൽ വെബ്‌സൈറ്റുകൾ വഴിയോ ഏജന്റുമാർ വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നേടാനോ മറ്റ് തീയതികളിലേക്ക് സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനോ ഉള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കിയിട്ടുണ്ട്.   

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News