കൊലപാതകക്കുറ്റത്തിന്റെ ശിക്ഷാ കാലാവധി ഉയർത്തി യുഎഇ; മാപ്പുനൽകിയാലും ചുരുങ്ങിയത് ഇനി 15 വർഷം തടവ്
നേരത്തെ ഇത് ഏഴ് വർഷം മുതൽ 15 വർഷം വരെയായിരുന്നു പരമാവധി ശിക്ഷ
ദുബൈ: കൊലപാതക കേസുകളിൽ ഇരയുടെ ബന്ധുക്കൾ 'ഖിസാസ്' (പകരം വീട്ടാനുള്ള അവകാശം) വേണ്ടെന്നുവെച്ച് പ്രതിക്ക് മാപ്പുനൽകിയാലും തടവുശിക്ഷയിൽ ഇളവില്ല. ഇത്തരം കേസുകളിൽ പ്രതികൾക്ക് നൽകുന്ന കുറഞ്ഞ തടവുശിക്ഷ 15 വർഷമായി ഉയർത്തി യുഎഇ ഭേദഗതി ചെയ്ത പുതിയ ക്രിമിനൽ ശിക്ഷാനിയമം പ്രാബല്യത്തിൽ വന്നു. നേരത്തെ ഇത് ഏഴ് വർഷം മുതൽ 15 വർഷം വരെ തടവായിരുന്നു. പുതിയ ഭേദഗതി പ്രകാരം തടവുശിക്ഷയുടെ പരിധി 15 വർഷം മുതൽ 20 വർഷം വരെയായി ഉയർത്തിയതായി അധികൃതർ വ്യക്തമാക്കി.
നിയമത്തിലെ ആർട്ടിക്കിൾ 384(3) ലാണ് ഫെഡറൽ ഓർഡിനൻസ് പ്രകാരം ഭേദഗതി വരുത്തിയത്. നിയമനടപടികളുടെ ഏത് ഘട്ടത്തിലോ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പോ ഇരയുടെ അവകാശികൾ മാപ്പുനൽകിയാലും ഈ പുതിയ ശിക്ഷാനിയമം ബാധകമായിരിക്കും. കുറ്റകൃത്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനും, മാപ്പുനൽകാനുള്ള ബന്ധുക്കളുടെ അവകാശത്തെ മാനിക്കുന്നതോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ജീവന്റെ മൂല്യവും സംരക്ഷിക്കുന്നതിനുമാണ് നിയമത്തിൽ മാറ്റം വരുത്തിയതെന്ന് സർക്കാർ വ്യക്തമാക്കി.
ഇരയുടെ ബന്ധുക്കൾ മാപ്പുനൽകുന്നത് കുറ്റവാളിയുടെ ക്രിമിനൽ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നില്ല. ഖിസാസ് ഒഴിവായാലും സമൂഹത്തോടുള്ള കുറ്റകൃത്യമെന്ന നിലയിൽ ശിക്ഷ ലഭിക്കും. കേസിന്റെ സാഹചര്യം വിലയിരുത്തി 15 നും 20 നും ഇടയിൽ എത്ര വർഷം തടവുശിക്ഷ നൽകണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഖിസാസ് ഒഴിവാക്കുന്നത് കൊണ്ട് മാത്രം ചില കേസുകളിൽ വധശിക്ഷ പൂർണമായും ഒഴിവാകണമെന്നില്ല. വേറെയും കടുത്ത കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപ്രകാരം കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം.
ആത്മഹത്യാശ്രമം ഇനി മുതൽ കുറ്റകൃത്യമായി കണക്കാക്കില്ലെന്ന ഭേദഗതിയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവർ ശിക്ഷ ഭയക്കാതെ ചികിത്സയും സഹായവും തേടാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ മാറ്റം. എന്നാൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായം ചെയ്തു നൽകുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കും. പ്രേരണ കാരണം മരണം സംഭവിച്ചാൽ 5 മുതൽ 7 വർഷം വരെ തടവുശിക്ഷയും ലഭിക്കും