ഒമാനിൽ പണപ്പെരുപ്പ നിരക്കിൽ വർധന; കഴിഞ്ഞ വർഷം ഇതേ കാലയാളവിനെ അപേക്ഷിച്ച് 3.2 ശതമാനം കൂടുതൽ
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് ഏകദേശം 3 ശതമാനമാണ്
മസ്കത്ത്: ഒമാനിൽ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയാളവിനെ അപേക്ഷിച്ച് 3.2 ശതമാനത്തിന്റെ വർദ്ധന. ഭക്ഷ്യവസ്തുക്കൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ വില വർധിച്ചത്. എട്ട് ശതമാനത്തിന്റെ വർധവാണ് ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിലുണ്ടായത്. എൻഎസിഎസ്ഐ പുറത്തുവിട്ട പുതിയ ഉപഭോക്തൃ വില സൂചിക പ്രകാരം, 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് ഏകദേശം 3 ശതമാനമാണ്.
സാധന സേവനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങൾക്കാണ് ഏറ്റവും വലിയ വിലവർദ്ധനവ് രേഖപ്പെടുത്തിയത്—8 ശതമാനം. ഇതിൽ പച്ചക്കറികളുടെ വില 20.1 ശതമാനവും പഴങ്ങളുടെ വില 16.3 ശതമാനവും മാംസത്തിന്റെ വില 10.3 ശതമാനവും ഉയര്‍ന്നു. മത്സ്യവിലയില്‍ അഞ്ചു ശതമാനവും പാല്, ചീസ്, മുട്ട എന്നിവയുടെ വിലയില്‍ 3.4 ശതമാനവും വര്‍ധനയുണ്ടായി. ഗതാഗത ചെലവ് 14.5 ശതമാനം ഉയര്‍ന്നപ്പോള്‍ ഹോട്ടല്‍, റസ്റ്ററന്റ് സേവനങ്ങളുടെ നിരക്കില്‍ 3.6 ശതമാനമാണ് വര്‍ധന. വിദ്യാഭ്യാസ മേഖലയിൽ 2.2 ശതമാനവും, ആരോഗ്യ മേഖലയിൽ 1.7 ശതമാനവും, വിനോദ മേഖലയിൽ 0.4 ശതമാനവും വർദ്ധന രേഖപ്പെടുത്തി. എന്നാൽ വസ്ത്രങ്ങൾ, ചെരിപ്പുകൾ, വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് 0.1 ശതമാനം മാത്രമാണ് വർദ്ധനവുണ്ടായത്. കമ്മ്യൂണിക്കേഷൻ, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ മാറ്റമില്ലാതെ തുടർന്നു.