സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു

അപകടത്തിൽ പെട്ട മൂന്ന് കുട്ടികളിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി

Update: 2026-10-20 19:43 GMT

ജിദ്ദ: സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. അപകടത്തിൽ പെട്ട മൂന്ന് കുട്ടികളിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായും മൂന്നാമത്തെ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മക്കയിലും ഹൈറേഞ്ച് മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക മഴയെത്തിയിരുന്നു. ശക്തമായ മഴയിലുണ്ടായ വെള്ളകെട്ടിൽപ്പെട്ടാണ് മൂന്ന് കുട്ടികൾക്ക് അപകടം സംഭവിച്ചത്. രണ്ടുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ മരിച്ചു. മറ്റൊരു കുഞ്ഞിനായുള്ള തിരച്ചിൽ തുടരുന്നതായും സിവിൽ ഡിഫൻസ് അറിയിച്ചു. കുട്ടികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതേസമയം സൗദിയിലെ വിവിധ മേഖലകളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും മക്ക നഗരത്തിൽ കനത്ത മഴയ്ക്കുള്ള റെഡ് അലർട്ട് രാത്രി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അസീർ, അൽബഹ മേഖലകളിലും കനത്ത മഴയെത്തും. മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകളിലും നീർച്ചാലുകളിലും ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News