സയാമീസ് ഇരട്ടകളെ വേർപെടുത്തലിൽ ചരിത്രം കുറിച്ച് സൗദി; 75ാമത്തെ ശസ്ത്രക്രിയ വിജയകരം
ടാൻസാനിയയിൽ നിന്നുള്ള കുട്ടികളുടെ ശസ്ത്രക്രിയയാണ് റിയാദ് കിങ് അബ്ദുല്ല ആശുപത്രിയിൽ പൂർത്തിയായത്
റിയാദ്: സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച് സൗദി അറേബ്യ. സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്‍റെ കീഴിൽ 75ാമത്തെ ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ലെയ്‌റ്റിയൻസ്, ലൊവെനെസ് എന്നിവരെയാണ് വിജയകരമായി വേർപ്പെടുത്തിയത്. . 26 മാസം പ്രായമുള്ള കുട്ടികൾ അരക്കെട്ടിലും ഇടുപ്പിലുമാണ് കൂടിച്ചേർന്നിരിക്കുന്നത്. നാല് കാലുകൾ, കുടലിന്‍റെ താഴ്ഭാഗം, നട്ടെല്ല്, അരക്കെട്ടിലെ കശേരുക്കൾ, സുഷുമ്നാ നാഡി എന്നിവയും പങ്കിടുന്നുണ്ട്. ശസ്ത്രക്രിയക്ക് മുന്നോടിയായി മാസങ്ങൾ നീണ്ട ചർമ വികാസ ചികിത്സയും നൽകിയിരുന്നു. ഒമ്പത് ഘട്ടങ്ങളിലായി 14.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ 44 വിദഗ്ധർ പങ്കെടുത്തു. സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്‍റെ മെഡിക്കൽ-സർജിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം മെഡിക്കൽ സംഘത്തലവനും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്‍റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശപ്രകാരമാണ് ശസ്ത്രക്രിയ 2026 ജനുവരി 27നാണ് കുട്ടികൾ സൗദിയിലെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിശദ പരിശോധനകളും വിദഗ്ധ മെഡിക്കൽ യോഗങ്ങളും നടത്തിയാണ് ശസ്ത്രക്രിയാ പദ്ധതി തയാറാക്കിയത്. ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള നാലാമത്തെ ശസ്ത്രക്രിയയാണിത്. 1990ൽ ആരംഭിച്ച പദ്ധതിക്കു കീഴിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ 29 രാജ്യങ്ങളിൽ നിന്നുള്ള 160 ഇരട്ടകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.