രാത്രിയും പുലർച്ചെയും ആക്രമണം നടത്തി ഹൂതികൾ; മക്കയിലേക്കും ആക്രമണ ശ്രമം; അവശിഷ്ടം വീണ് സൗദി പൗരന് പരിക്ക്
യമനിൽ ഹൂതികൾ രാസായുധം പ്രയോഗിച്ചെന്ന് ആരോപണം
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യം വെച്ച് യമനിലെ ഹൂതി വിമതർ നിരന്തരം ആക്രമണം തുടരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മക്കയിലേക്കും ആക്രമണ ശ്രമം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതി ആക്രമണത്തെ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.
റിയാദിലേക്ക് നടത്തിയ ആക്രമണത്തിൽ സഖ്യസേന പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണ് സ്വദേശി പൗരന് പരിക്കേറ്റു. വീടിനും വാഹനത്തിനും നാശനഷ്ടങ്ങളും സംഭവിച്ചു. റിയാദിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ താഴെ പതിച്ചത്. വ്യാഴാഴ്ച രാത്രി 8.15നാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ ചെങ്കടൽ മേഖലയിലേക്കും ക്രൂയിസ് മിസൈൽ ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ മിസൈലും പ്രതിരോധിച്ചതായി സഖ്യ സേന അറിയിച്ചു. പടിഞ്ഞാറൻ പ്രവിശ്യയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
അതേസമയം, യമനിൽ പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. സർക്കാർ സേനയും ഹൂതികളും തമ്മിൽ തായിസ് മേഖലയിലാണ് അതിരൂക്ഷ പോരാട്ടം നടക്കുന്നത്. തായിസിന് മേൽ ഹൂതികൾ ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ എട്ട് ലക്ഷത്തോളം പേർ പട്ടിണിയുടെ ദുരിതം അനുഭവിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. സംഘർഷത്തെ തുടർന്ന് രണ്ട് ലക്ഷത്തിലധികം പേർ വീടുകൾ ഉപയോഗിച്ച് പാലായനം ചെയ്തിട്ടുമുണ്ട്. ഇവർ വിവിധ അഭയാർഥി ക്യാമ്പുകളിൽ തുടരുകയാണ്. അതിനിടെ, ഹൂതികൾക്കെതിരെ യമൻ സർക്കാർ ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. തായിസിൽ ഹൂതികൾ രാസായുധം ഉപയോഗിച്ചതായാണ് യമൻ സർക്കാർ കുറ്റപ്പെടുത്തുന്നത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ ആരോപണത്തോട് ഹൂതികൾ പ്രതികരിച്ചിട്ടില്ല. അതേസമയം, സൗദിയിലെ വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആറിലധികം ആക്രമണങ്ങൾ നടത്തിയതായി ഹൂതി വക്താവ് യഹ്യ സീരി അവകാശപ്പെട്ടു.
യമനിലെ സർക്കാറിന്‍റെ താൽക്കാലിക ആസ്ഥാനമായ ഏദനിലെ വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം അടച്ചിരുന്നു. ദിവസങ്ങൾക്കിടെ ആറ് പ്രാവശ്യമാണ് ഹൂതികൾ ഏദൻ വിമാനത്താവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയത്.