റിയാദ് എക്‌സ്‌പോയിലേക്ക് അമേരിക്കയും; സൗദിയുമായി ചരിത്ര കരാർ ഒപ്പുവെച്ചു
2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെ നീളുന്ന ആറു മാസക്കാലമാണ് എക്സ്പോ അരങ്ങേറുക
അറ്റ്ലാന്റ: സൗദി ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030ൽ അമേരിക്ക ഔദ്യോഗിക പങ്കാളിയാകും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎസിലെ അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലാണ് ചരിത്ര കരാർ ഒപ്പിട്ടത്. ചടങ്ങിൽ യുഎസിലെ സൗദി അംബാസഡർ റീമ ബിന്ത് ബന്ദറും സംബന്ധിച്ചു. എക്സ്പോയിലെ യുഎസ് പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം അതിനായുള്ള മുന്നൊരുക്കങ്ങൾ ഇരുരാജ്യങ്ങളും ചേർന്ന് ഏകോപിപ്പിക്കാൻ ഈ കരാർ ഔദ്യോഗിക ചട്ടക്കൂടൊരുക്കും.
കരാർ ഒപ്പിട്ടതിനു പിന്നാലെ സൗദി-യുഎസ് തന്ത്രപ്രധാന ബന്ധങ്ങളും മുൻഗണനാ മേഖലകളിലെ സഹകരണവും ഇരു നേതാക്കളും വിശദമായി അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികളും ഇറാൻ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ നിലവിലെ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ മുഖ്യ അജണ്ടയായി. മേഖലയിലെ സങ്കീർണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് യോഗത്തിന് ശേഷം മാർക്കോ റൂബിയോ വ്യക്തമാക്കി. ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്നും പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 നവംബറിൽ പാരീസിൽ നടന്ന ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് പൊതുസഭയിലെ വോട്ടെടുപ്പിലൂടെയാണ് സൗദി അറേബ്യ എക്സ്പോ 2030ന്റെ ആതിഥേയത്വം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയൻ നഗരമായ ബുസാനെയും ഇറ്റലിയിലെ റോമിനെയും വൻ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയായിരുന്നു സൗദിയുടെ വിജയം. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ നീളുന്ന ആറു മാസക്കാലമാണ് എക്സ്പോ അരങ്ങേറുക. 'മാറ്റത്തിന്റെ യുഗം: ദീർഘവീക്ഷണമുള്ള നാളേക്കായി ഒന്നിച്ച്' എന്നതാണ് എക്‌സ്‌പോയുടെ പ്രധാന പ്രമേയം. ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ, കാലാവസ്ഥാ സംരക്ഷണവും പുനരുപയോഗ ഊർജ്ജവും, സമഗ്ര സാമ്പത്തിക പുരോഗതി എന്നീ മൂന്ന് ഉപവിഷയങ്ങളിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ബൃഹത്തായ പ്രദർശന നഗരി ഒരുങ്ങുന്നത്. 195ലധികം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്ന മേളയിലേക്ക് നാല് കോടിയിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സമ്പൂർണമായി ശുദ്ധോർജ്ജത്തിൽ പ്രവർത്തിക്കുന്നതും ഹരിത ഇടനാഴികളുള്ളതുമായ കാർബൺ രഹിത എക്സ്പോയാണ് സൗദിയുടെ ലക്ഷ്യം. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും തുല്യ പ്രാധാന്യം ഉറപ്പാക്കുന്ന വൃത്താകൃതിയിലുള്ള പ്ലാനാണ് വേദിക്കായി തയ്യാറാക്കിയിരിക്കുന്നത്. റിയാദ് മെട്രോയും എക്സ്പ്രസ് ബസുകളും അടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങൾ സന്ദർശകർക്കായി സജ്ജമാക്കും.
സൗദി അറേബ്യയുടെ സമഗ്ര വികസന രൂപരേഖയായ വിഷൻ 2030 പദ്ധതിയുടെ ആഗോള മുഖമായാണ് റിയാദ് എക്സ്പോ 2030 വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വിനോദസഞ്ചാര വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തങ്ങൾക്കും എക്‌സ്‌പോ വലിയ കരുത്തുപകരും. സൗദി അറേബ്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് എക്സ്പോയാണിത്. ഒപ്പം, 2020ൽ ദുബൈ വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് എത്തുന്ന രണ്ടാമത്തെ രജിസ്റ്റേർഡ് വേൾഡ് എക്സ്പോ കൂടിയാണിത്