ദമ്മാം വിമാനത്താവളത്തിലേക്കും ആക്രമണം; ഖർജിലേക്ക് മിസൈൽ
കിഴക്കൻ പ്രവിശ്യയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതായി സഖ്യ സേന
ദമ്മാം: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യം വെച്ചുള്ള യമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. ശനിയാഴ്ച റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ രാത്രി ദമ്മാം വിമാനത്താവളത്തെയും ഹൂതികൾ ലക്ഷ്യംവെച്ചു. ദമ്മാമിലേക്ക് സമീപകാലത്ത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. വിമാനത്താവളത്തിന് സമീപം പ്രൊജക്ടൈൽ പതിച്ചതെന്ന് സഖ്യസേന അറിയിച്ചിട്ടുണ്ട്. ഹൂതി ആക്രമണം ദമ്മാം വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ശനിയാഴ്ച ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട റിയാദ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. റിയാദിൽ ഇന്ന് ഘട്ടംഘട്ടമായി പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് സൂചനയുള്ളത്.
സൗദിയിൽ മറ്റ് രണ്ടിടങ്ങളിലേക്കും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തെ തകർത്തതായി സഖ്യ സേന അറിയിച്ചു. റിയാദിന് സമീപം ഖർജിലേക്കും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചതായി സഖ്യ സേന അറിയിച്ചു. മിസൈലിന് പ്രതിരോധിച്ചിട്ടുണ്ട്.യമനിൽ ഹൂതി വിമതർക്കെതിരെ സഖ്യസേന ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ശനിയാഴ്ച പുലർച്ച ഹൂതികളുടെ 136 കേന്ദ്രങ്ങളിൽ സഖ്യ സേന ആക്രമണം നടത്തിയിരുന്നു.