സൗദി വിമാനത്താവളങ്ങളിൽ ഒരാഴ്ചക്കിടെ മൂന്ന് പ്രാവശ്യം ആക്രമണം; മരിച്ചത് 18 പേർ
ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ മരണ സംഖ്യ
കഴിഞ്ഞ മാസം റിയാദ് എയർപോർട്ടിന് നേരെയുണ്ടായ ആക്രമണം (ഫയൽ)
റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക് നടന്ന ആക്രമണങ്ങളിൽ മരണപ്പെട്ടത് 18 പേർ. മൂന്ന് ആക്രമണങ്ങളിലായാണ് ഇത്രയും പേർ മരിച്ചത്. റിയാദ്, അബ്ഹ വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആക്രമണം ആരംഭിച്ച ശേഷം ഒരു ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ മരണസംഖ്യയുണ്ടാക്കിയ ആക്രമണം കൂടിയാണ് ശനിയാഴ്ച ഹൂതികൾ നടത്തിയത്.
ഇന്നലെ ഉച്ചക്ക് ശേഷമാണ് റിയാദ് വിമാനത്താവളത്തിലേക്ക് ആക്രമണം നടന്നത്. മരണപ്പെട്ട 12 പേരിൽ നാല് പേർ സൗദി അറേബ്യൻ പൗരൻമാരാണ്. രണ്ട് ബംഗ്ലാദേശ് പൗരൻമാരും അമേരിക്ക, ഈജിപ്ത്, ജോർഡൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്.വ്യാഴാഴ്ച റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിന്‍റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരൻമാർ കൊല്ലപ്പെട്ടിരുന്നു. സൗദിയ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ ഖഥ്മിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി റിയാദ്, അബ്ഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേരും മരണപ്പെട്ടിരുന്നു. അബ്ഹ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ സ്ത്രീകളും റിയാദിൽ സുഡാൻ പൗരനുമാണ് മരിച്ചത്. മൂന്ന് ആക്രമണങ്ങളിലുമായി 400ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ മാത്രം 309 പേർക്ക് പരിക്കേറ്റതായാണ് സൗദി അധികൃതർ അറിയിച്ചത്.