എബോള വ്യാപനം: കെനിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ

കെനിയയിൽ നിന്നുള്ള യാത്രക്കാർക്കായി നൽകുന്ന എല്ലാത്തരം വിസകളുടെയും വിതരണം അധികൃതർ നിർത്തിവെച്ചു

Update: 2026-10-31 09:46 GMT

റിയാദ്: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കും തിരിച്ചുമുള്ള യാത്രകൾ താൽകാലികമായി നിർത്തിവെച്ച് സൗദി അറേബ്യ. രോഗപ്പകർച്ച തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം. ഉത്തരവ് പ്രകാരം സൗദി പൗരന്മാർക്ക് കെനിയയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല. കൂടാതെ, കെനിയയിൽ നിന്നുള്ള യാത്രക്കാർക്കായി നൽകുന്ന എല്ലാത്തരം വിസകളുടെയും വിതരണം അധികൃതർ നിർത്തിവെച്ചു. കെനിയയിൽ നിന്നോ എബോള ബാധിത മേഖലകളിൽ നിന്നോ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ വരുന്ന യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. സൗദിയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുകയോ സന്ദർശിക്കുകയോ ചെയ്തവർക്കാണ് ഈ യാത്രാവിലക്ക് ബാധകമാകുന്നത്.

Advertising
Advertising

പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി സഹകരിച്ച് രോഗവ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. എബോള ഭീഷണിയെ തുടർന്ന് നേരത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും സൗദി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കെനിയക്കെതിരെയും മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ സൗദി അറേബ്യയ്ക്കുള്ളിലെ ആരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്നും വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും ആവശ്യമായ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News