സൗദിയുടെ പുതിയ പാക്കേജ് വിസ: ആദ്യഘട്ടത്തിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് അർഹത
ഇന്ത്യ, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പാക്കേജ് വിസ
റിയാദ്: സൗദി അറേബ്യ പുതുതായി ആരംഭിച്ച പാക്കേജ് വിസക്ക് ആദ്യഘട്ടത്തിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് അർഹത. ഇന്ത്യക്ക് പുറമേ ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് നിലവിൽ വിസ പാക്കേജ് ലഭിക്കുക. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വിമാന സർവീസുകൾ, ലൈസൻസുള്ള ഹോട്ടൽ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ എന്നിവ ഒരൊറ്റ ബുക്കിങ്ങിലൂടെ ലഭിക്കുന്നതാണ് പാക്കേജ് വിസ സംവിധാനം. യോഗ്യരായ യാത്രക്കാർക്ക് ടൂറിസ്റ്റ് വിസക്ക് പ്രത്യേകം അപേക്ഷിക്കുന്നതിനുപകരം അംഗീകൃത യാത്രാ പാക്കേജ് വഴി അവരുടെ യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഇത് സൗകര്യമൊരുക്കുന്നു.
ട്രാവൽ പാക്കേജ് വാങ്ങിയതിന് ശേഷം പരമാവധി 48 മണിക്കൂറിനുള്ളിൽ പാക്കേജ് വിസ ഇലക്ട്രോണിക് ആയി നൽകും. ഇതിനായി സൗദി എംബസി സന്ദർശിക്കുകയോ വിസ അപേക്ഷ സമർപ്പിക്കുകയോ ചെയ്യേണ്ട.
അതേസമയം, പാക്കേജ് ലഭിക്കാൻ യാത്രക്കാർ ഒരു അംഗീകൃത ട്രാവൽ ഏജൻസി വഴി അംഗീകൃത പാക്കേജ് തിരഞ്ഞെടുക്കുകയും ഡിജിറ്റലായി പണമടയ്ക്കുകയും വേണം. അവരുടെ വിസ, യാത്രാ ഇൻഷുറൻസ്, യാത്രാ രേഖകൾ എന്നിവ ഇമെയിൽ വഴി സ്വീകരിക്കുകയും ചെയ്യണം. നിലവിൽ ഈ സേവനം നൽകാൻ രണ്ട് ട്രാവൽ ഏജൻസികൾക്കാണ് മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. റിസർവൽ, അൽമോസഫർ എന്നിവക്കാണ് അംഗീകാരം.
മൂന്ന് മാസത്തേക്ക് സാധുതയുള്ള സിംഗിൾ-എൻട്രി ടൂറിസ്റ്റ് വിസയാണ് പാക്കേജ് വിസ. രാജ്യത്ത് കുറഞ്ഞത് രണ്ട് ദിവസവും പരമാവധി 88 ദിവസവും താമസിക്കാമെന്നാണ് മന്ത്രാലയം പറയുന്നത്. വിസയും യാത്രാ പാക്കേജും വെവ്വേറെ റദ്ദാക്കാൻ കഴിയില്ല, യാത്രാ പാക്കേജ് റദ്ദാക്കിയാൽ അനുബന്ധ വിസ സ്വമേധയാ റദ്ദാക്കപ്പെടും.
കൺഫേമായ റൗണ്ട്-ട്രിപ്പ് ഫ്‌ളൈറ്റ്, കുറഞ്ഞത് നാല് നക്ഷത്ര റേറ്റിങ്ങുള്ള ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹോട്ടലിലെ താമസം, ഇലക്ട്രോണിക് വിസ അപേക്ഷ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കണം. ആദ്യ രണ്ട് ദിവസത്തേക്ക് മുതിർന്നവർക്ക് 4,000 റിയാലായിരിക്കും ഏറ്റവും ചുരുങ്ങിയ പാക്കേജ് നിരക്ക്. തുടർന്നുള്ള ഓരോ ദിവസത്തിനും 1,000 റിയാൽ അധിക നിരക്കും ഈടാക്കും.
വിമാന യാത്രക്കും താമസത്തിനും പുറമേ, യാത്രക്കാർക്കായി ഇവന്റ് ടിക്കറ്റുകൾ, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയ ഓപ്ഷണൽ സേവനങ്ങളും ഉൾപ്പെടുത്താം. എന്നാൽ പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ ഉംറ പോലുള്ള സേവനങ്ങൾ പാക്കേജുകളിൽ ഉൾപ്പെടില്ല. പക്ഷേ സൗദിയിലെത്തിയ ശേഷം പുണ്യനഗരങ്ങളടക്കം രാജ്യത്തെ ഏത് സ്ഥലത്തും വിസ ഉടമകൾക്ക് യാത്ര ചെയ്യാം.
അതേസമയം, അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം എയർലൈനുകളോ താമസ ദാതാക്കളോ സേവനങ്ങൾ റദ്ദാക്കുകയാണെങ്കിൽ, അംഗീകൃത യാത്രാ സേവന ദാതാവിന്റെ നയങ്ങൾക്കനുസൃതമായി റീഫണ്ടുകളും ബുക്കിംഗ് മാറ്റവും നടത്താം. ഭാവിയിൽ വിസ പാക്കേജ് പ്രോഗ്രാമിൽ കൂടുതൽ രാജ്യക്കാരെ ഉൾപ്പെടുത്തുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.