ഷൂസിനുള്ളിൽ ഒളിപ്പിച്ച് മയക്കു മരുന്ന് കടത്ത്; ജിദ്ദ പോർട്ടിൽ 58 കിലോയിലധികം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തു

രാജ്യത്ത് നിന്ന് മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ 3 പേർ അറസ്റ്റിൽ

Update: 2026-08-14 16:33 GMT

ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഇറക്കുമതി ചെയ്ത ഷൂസുകളുടെ കൺസൈൻമെന്റിലൂടെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 58.6 കിലോഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്ത് സൗദി കസ്റ്റംസ്. രാജ്യത്ത് നിന്ന് മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും സുരക്ഷാ സേന പിടികൂടി. പുരുഷന്മാരുടെ ഷൂസുകൾ അടങ്ങിയ ഷിപ്പ്മെന്റിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. അത്യാധുനിക സെക്യൂരിറ്റി സാങ്കേതികവിദ്യകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഷൂസുകളുടെ അടിഭാഗത്തെ അറകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

Advertising
Advertising

ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വീകരിക്കാനെത്തിയവർ വലയിലാകുന്നത്. ലഹരിക്കടത്ത് ലക്ഷ്യമിട്ട് രാജ്യത്തെ അതിർത്തികളിലെല്ലാം വ്യാപക പരിശോധനകളാണ് നടന്നുവരുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് കസ്റ്റംസ് അറിയിച്ചു. സൗദിയിലുള്ളവർക്ക് സെക്യൂരിറ്റി ഹോട്ട്ലൈൻ നമ്പറായ 1910 എന്ന നമ്പറിൽ ബന്ധപ്പെടാം. രാജ്യത്തിന് പുറത്തുള്ളവർ 009661910 എന്നതിലൂടെയും 1910@ZATCA.GOV.SA എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ പങ്കുവെക്കുന്നവരുടെ ഐഡന്റിറ്റി പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ശരിയാണെന്ന് തെളിഞ്ഞാൽ പാരിതോഷികം ലഭിക്കുമെന്നും അങികൃതർ വ്യക്തമാക്കി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News