ഇനി ബിസിനസ് ക്ലാസ് സുഖത്തിൽ പറക്കാം; 'പ്രീമിയം ഇക്കോണമി' അവതരിപ്പിച്ച് സൗദിയ

ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് വേദിയിൽ പുതിയ കാബിൻ പ്രദർശിപ്പിച്ചു

Update: 2026-11-04 16:24 GMT

റിയാദ്: സൗദിയ എയർലൈൻസ് പുതിയ പ്രീമിയം ഇക്കോണമി ക്ലാസ് പ്രഖ്യാപിച്ചു. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് 2026 വേദിയിലാണ് കമ്പനി അത്യാധുനിക കാബിൻ മാതൃക പുറത്തിറക്കിയത്. 43 ഇഞ്ച് സീറ്റ് പിച്ചോടെയാണ് ഈ വിഭാഗം യാത്രക്കാർക്കായി ഒരുങ്ങുന്നത്. എക്കോണമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിലുള്ള ഈ പുതിയ കാബിൻ, മിതമായ നിരക്കിൽ മികച്ച യാത്രാസുഖം ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകും. സൗദിയയുടെ 'ന്യൂ സൗദിയ എക്സ്പീരിയൻസ്' നവീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. സീറ്റുകൾക്കിടയിലെ അധിക അകലത്തിനൊപ്പം കാലുകൾ സുഖമായി വെക്കാനുള്ള കാഫ് റെസ്റ്റ്, ഉയർന്ന സ്വകാര്യത, ആവശ്യത്തിന് ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. വിനോദത്തിനായി 15.5 ഇഞ്ച് വലിയ സ്‌ക്രീനും ഒരോ സീറ്റിനൊപ്പവും സജ്ജീകരിച്ചിട്ടുണ്ട്.

Advertising
Advertising

2027ൽ കമ്പനിയുടെ ഭാഗമാകുന്ന പുതിയ ബോയിംഗ് 787 വിമാനങ്ങളിലാണ് ഈ കാബിൻ ആദ്യമായി സർവീസ് ആരംഭിക്കുക. തുടർന്ന് നിലവിലുള്ള എയർബസ് എ330, ബോയിംഗ് 777, ബോയിംഗ് 787 വിമാനങ്ങളിലും ഘട്ടംഘട്ടമായി കാബിനുകൾ നവീകരിക്കും. പുതിയ മാറ്റം യാത്രക്കാർക്ക് മികച്ച തിരഞ്ഞെടുപ്പും കൂടുതൽ ആശ്വാസവും നൽകുമെന്ന് സൗദിയ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആർവെഡ് വോൺ സുർ മ്യൂലൻ വ്യക്തമാക്കി. കൂടുതൽ സുഖകരവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ കമ്പനി നിരന്തരം നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ സൗകര്യം ആദ്യഘട്ടത്തിൽ ഏതൊക്കെ റൂട്ടുകളിലാണ് ലഭ്യമാക്കുക എന്നതിലും ടിക്കറ്റ് നിരക്കുകളിലും വരും ദിവസങ്ങളിലേ വ്യക്തത വരൂ. പ്രവാസികൾ അടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്."

 ഡബ്ല്യു.ടി.എം വേദിയിൽ പ്രീമിയം ഇക്കോണമിക്ക് പുറമെ മറ്റ് വിമാനങ്ങളിലെ പുതിയ സേവനങ്ങളും സൗദിയ പ്രദർശിപ്പിച്ചു. ഈ വർഷം ആദ്യം ഫ്ലീറ്റിൽ ചേർത്ത എയർബസ് എ321 എക്സ്.എൽ.ആർ വിമാനത്തിലെ ബിസിനസ് ക്ലാസ് സൗകര്യങ്ങൾ കമ്പനി അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഈ വിഭാഗം വിമാനങ്ങൾ സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് സൗദിയ. പൂർണ്ണമായും നിവർത്തി കിടക്കാവുന്ന ബെഡ്ഡുകളും നേരിട്ട് നടപ്പാതയിലേക്ക് പ്രവേശനവുമുള്ള 24 ബിസിനസ് സ്യൂട്ടുകളും 120 ഇക്കോണമി സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ഇതിനൊപ്പം എല്ലാ ക്ലാസുകളിലേക്കുമുള്ള പുതിയ ആതിഥ്യ കിറ്റുകളും ഡൈനിംഗ് സാമഗ്രികളും ചടങ്ങിൽ പ്രദർശിപ്പിച്ചു. വ്യോമയാന വിപണിയിലെ മത്സരം കടുക്കുന്ന സാഹചര്യത്തിൽ വൻ മാറ്റങ്ങൾക്കാണ് സൗദിയ തയ്യാറെടുക്കുന്നത്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - തമീം സിപി

Web Journalist

Similar News