സൗദിയുടെ സുരക്ഷയ്ക്ക് പിന്നിൽ ആരൊക്കെ? ഹൂതി ആക്രമണങ്ങൾക്കിടെ ശക്തമായി രാജ്യാന്തര പ്രതിരോധ നിര/ EXPLAINER
ടൈഫൂണുകളുമായി ബ്രിട്ടൻ, ഊർജ സുരക്ഷക്ക് ഫ്രാൻസ്
സൗദി അറേബ്യക്ക് നേരെ മിസൈലുകളും ഡ്രോണുകളുമായി ഹൂതികളുടെ ആക്രമണം തുടരുന്നു. എന്നാൽ സൗദിയുടെ പ്രതിരോധത്തിന് പിന്നിൽ ഇപ്പോൾ ഒറ്റ രാജ്യമല്ല. പാകിസ്താനും തുർക്കിയും ചേർന്ന് സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ബ്രിട്ടൻ ടൈഫൂൺ യുദ്ധവിമാനങ്ങളുമായി രംഗത്തെത്തി. ഫ്രാൻസ് സൗദിയുടെ എണ്ണ കയറ്റുമതി കേന്ദ്രമായ യാമ്പുവിന്‍റെ സുരക്ഷയ്ക്കായി സൈനിക സഹായം പ്രഖ്യാപിച്ചു. ഈജിപ്ത് സൈനിക സഹായത്തിന് പാർലമെന്റിന്റെ അനുമതി നേടി. അമേരിക്കയും ജപ്പാനും പ്രതിരോധ സഹകരണം ശക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം രാജ്യങ്ങൾ സൗദിയുടെ സുരക്ഷയ്ക്കായി ഒരുമിക്കുന്നത്? ഇവരെല്ലാം സൗദിക്ക് വേണ്ടി യുദ്ധം ചെയ്യാൻ തയ്യാറെടുക്കുകയാണോ? അതോ ഇതിന് പിന്നിൽ ഓരോ രാജ്യത്തിന്റെയും സ്വന്തം സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ താൽപര്യങ്ങളുണ്ടോ? സൗദിയുടെ പ്രതിരോധത്തിന് പിന്നിൽ രൂപപ്പെടുന്ന ഈ രാജ്യാന്തര നിരയെക്കുറിച്ച് പരിശോധിക്കാം.
യാമ്പുവിന്‍റെ സുരക്ഷക്ക് ഫ്രാൻസ്
മക്ക കരാറും അമേരിക്കയുടെ സഹായവും ബ്രിട്ടന്‍റെ ടൈഫൂൺ യുദ്ധ വിമാനങ്ങൾക്കും ഒപ്പം ഇപ്പോൾ ഈജിപ്തും ഫ്രാൻസും സൗദിക്കായി അണിനിരക്കുകയാണ്. സൗദിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ യാമ്പുവിലെ ഊർജ കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് ഫ്രഞ്ച് സേന എത്തുമെന്ന് ഉറപ്പായി.സൗദിയുടെ കിഴക്കൻ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന എണ്ണ പൈപ്പ്‌ലൈൻ വഴി ചെങ്കടൽ തീരത്തെ യാമ്പുവിലേക്ക് എത്തിച്ച് കയറ്റുമതി ചെയ്യാനുള്ള സംവിധാനമുണ്ട്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി നടത്താൻ സഹായിക്കുന്ന ഈ പാതയ്ക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് യാമ്പുവിലെ പ്രധാന എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് സൈനിക സഹായം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചത്. സൈനികർ, റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ എന്നിവയാണ് ഫ്രാൻസ് വാഗ്ദാനം ചെയ്തത്. ഇവിടെ ഫ്രാൻസിന്റെ ലക്ഷ്യം സൗദിയെ സഹായിക്കുക മാത്രമല്ല. സൗദിയുടെ എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കുക എന്നതും പ്രധാനമാണ്. കാരണം, സൗദിയുടെ എണ്ണ വിതരണത്തെ ബാധിക്കുന്ന ഏത് ആക്രമണവും ആഗോള വിപണിയിൽ പ്രതിഫലിക്കും. ഹോർമുസ് അടഞ്ഞുകിടന്നാലും സൗദിയുടെ എണ്ണ കയറ്റുമതിക്ക് തടസ്സമുണ്ടാകാതിരിക്കാൻ യാമ്പുവിലെ സുരക്ഷ സന്നാഹം സഹായിക്കും.
സൈന്യത്തെ അയക്കാൻ ഈജിപ്ത്
സൗദിക്ക് പിന്തുണയുമായി രംഗത്തെത്തിയ അറബ് രാജ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ നീക്കമാണ് ഈജിപ്തിന്‍റേത്. പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ അഭ്യർഥനയെ തുടർന്ന് ഒക്ടോബർ 26-ന് ഈജിപ്ത് പാർലമെന്‍റ് സൗദിയുടെ പ്രതിരോധത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അനുമതി നൽകി. പാർലമെന്‍റിന്‍റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയായിരുന്നു തീരുമാനം. സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും അതിർത്തികൾക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെയുള്ള ഭീഷണികൾ നേരിടാൻ ആവശ്യമായ പിന്തുണ നൽകാമെന്നാണ് ഈജിപ്തിന്‍റെ നിലപാട്. സൗദിയുടെ ഔദ്യോഗിക അഭ്യർഥനയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ഉണ്ടായാൽ സൈനിക സഹായം നൽകാനുള്ള അനുമതിയാണിത്. നിലവിൽ യമനിലേക്ക് കരസേനയെ അയക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല.ഈജിപ്ത് സൗദിക്കൊപ്പം നിൽക്കുന്നതിന് ചരിത്രപരവും സാമ്പത്തികവും തന്ത്രപരവുമായ കാരണങ്ങളുണ്ട്. സൗദിയും ഈജിപ്തും ദീർഘകാലമായി അടുത്ത രാഷ്ട്രീയ, സാമ്പത്തിക, സൈനിക ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സൗദിയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും നിക്ഷേപങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം ചെങ്കടലിന്റെ സുരക്ഷയും ഈജിപ്തിന്റെ പ്രധാന താൽപര്യമാണ്. ചെങ്കടലിന്റെ തെക്കൻ കവാടമായ ബാബ് അൽ മന്ദബ് കടലിടുക്കിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കും. ലോക വ്യാപാരത്തിലെ പ്രധാന പാതകളിലൊന്നായ സൂയസ് കനാലിന്റെ വരുമാനവും ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2015-ൽ യമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലും ഈജിപ്ത് പങ്കാളിയായിരുന്നു. അന്ന് പ്രധാനമായും നാവിക സുരക്ഷയിലായിരുന്നു ഈജിപ്തിന്‍റെ പങ്ക്.
പ്രതിരോധ സഹകരണം ശക്തമാക്കി ജപ്പാൻ
സൗദിയുടെ സുരക്ഷാ വിഷയത്തിൽ പിന്തുണ അറിയിച്ച് ജപ്പാനും രംഗത്തെത്തിയിട്ടുണ്ട്. നവംബർ രണ്ടിന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമിയും ഫോണിൽ സംസാരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതും മേഖലയിലെ സുരക്ഷയും ചർച്ച ചെയ്തു. ജപ്പാൻ സൈന്യത്തെ സൗദിയിലേക്ക് അയക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമില്ല. നിലവിൽ നയതന്ത്ര പിന്തുണയും പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള നീക്കവുമാണ് വ്യക്തമാകുന്നത്.
ഇന്ധനം നിറയ്ക്കൽ സഹായത്തിന് പിന്നാലെ ടൈഫൂണുമായി ബ്രിട്ടൻ
സൗദിയുടെ വ്യോമപ്രതിരോധത്തിന് നേരിട്ട് സഹായം നൽകുന്ന രാജ്യങ്ങളിൽ പ്രധാനിയാണ് ബ്രിട്ടൻ. സെപ്റ്റംബറിൽ സൗദിയുടെ അഭ്യർഥന പ്രകാരം വ്യോമസേനയുടെ വോയേജർ ഇന്ധനം നിറയ്ക്കൽ വിമാനം നൽകാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു. ഇതിലൂടെ സൗദി യുദ്ധവിമാനങ്ങൾക്ക് കൂടുതൽ സമയം ആകാശത്ത് തുടരാനും പ്രതിരോധ ദൗത്യങ്ങൾ നടത്താനും കഴിയും.
എന്നാൽ ഒക്ടോബർ 20-ലെ പ്രഖ്യാപനമാണ് കൂടുതൽ ശ്രദ്ധേയം. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം റോയൽ എയർഫോഴ്സിന്റെ ടൈഫൂൺ യുദ്ധവിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ പ്രതിരോധ ദൗത്യങ്ങൾക്കായി പറക്കുമെന്ന് അറിയിച്ചു.ഡ്രോണുകളെയും മിസൈലുകളെയും തടയുക, ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന് പുറമെ എയർ ട്രാൻസ്പോർട്ട് വിമാനവും സൈനിക ഉപദേഷ്ടാക്കളെയും നൽകും. ഈ യുദ്ധവിമാനങ്ങൾ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തില്ല. സൗദിയുടെ വ്യോമപ്രതിരോധത്തിന് സഹായം നൽകുക മാത്രമാണ് ദൗത്യം.
ദീർഘകാല പങ്കാളി; നേരിട്ട് ഇടപെടാതെ അമേരിക്ക
സൗദി അറേബ്യയുടെ ദീർഘകാല സൈനിക പങ്കാളിയാണ് അമേരിക്ക. എന്നാൽ, റിയാദ് വിമാനത്താവളത്തിലേക്ക് അടക്കം ആക്രമണം നടന്നിട്ടും യമൻ വിഷയത്തിൽ നേരിട്ട് ഇടപെടാൻ അമേരിക്കയും ഡോണൾഡ് ട്രംപും തയാറായിട്ടില്ല. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ, റഡാറുകൾ, സൈനിക പരിശീലനം, രഹസ്യാന്വേഷണ സഹകരണം തുടങ്ങി നിരവധി മേഖലകളിൽ അമേരിക്കയുടെ സഹായം സൗദിക്കുണ്ട്. നിലവിലെ സംഘർഷത്തിൽ സൗദിക്ക് രഹസ്യാന്വേഷണ വിവരങ്ങളും ആക്രമണങ്ങളെ നേരിടാനുള്ള ആസൂത്രണ സഹായവും അമേരിക്ക നൽകുന്നുണ്ട്. എന്നാൽ ഹൂതികൾക്കെതിരെ നേരിട്ട് യുദ്ധം ചെയ്യുന്നതും സൗദിയുടെ പ്രതിരോധത്തിന് സഹായം നൽകുന്നതും രണ്ടാണ്. നിലവിലെ അമേരിക്കൻ ഇടപെടലിനെ നേരിട്ടുള്ള യുദ്ധപങ്കാളിത്തമായി വിശേഷിപ്പിക്കാനാകില്ല.
നേരത്തേ തന്നെ മികച്ച സഹകരണം; മക്ക കരാറിലൂടെ ശക്തമാക്കി തുർക്കി-പാക്- സൗദി
ഏറ്റവും പ്രധാനം മക്ക പ്രതിരോധ കരാർ തന്നെയാണ്. സൗദിയുമായി നേരത്തേ തന്നെ ശക്തമായ സൈനിക സഹകരണമുള്ള പാകിസ്താനും തുർക്കിയും സുപ്രധാന കരാറിലും ഒപ്പുവെച്ചു എന്നതാണ് ഏറെ പ്രധാനം. 2026 ഓഗസ്റ്റ് ഏഴിന് മക്കയിലെ അൽ സഫാ കൊട്ടാരത്തിൽ വെച്ചാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.നാറ്റോയുടെ ആർട്ടിക്കിൾ 5-നോട് സാമ്യമുള്ള കൂട്ടായ പ്രതിരോധ വ്യവസ്ഥയാണിത്. എന്നാൽ നാറ്റോയുടെ അതേ ഘടനയോ സംവിധാനമോ ഉള്ള സഖ്യമാണെന്ന് പറയാനാകില്ല.ഓഗസ്റ്റ് 31-ന് മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും സൈനിക മേധാവികളും പങ്കെടുത്ത യോഗത്തിൽ കരാർ നടപ്പാക്കാനുള്ള തുടർനടപടികളും തീരുമാനിച്ചു. സൗദി ആസ്ഥാനമുള്ള സെക്രട്ടേറിയറ്റ് സ്ഥാപിക്കാനും തീരുമാനമുണ്ടായി. എന്നാൽ ഒരു പ്രധാന കാര്യം തുർക്കി പാർലമെന്റിന്റെ വിദേശകാര്യ സമിതി കരാറിന് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും പൂർണ പാർലമെന്റിന്റെ അംഗീകാര നടപടികൾ പൂർത്തിയായിട്ടില്ല. അതായത്, ഇത് വെറുമൊരു രാഷ്ട്രീയ പ്രഖ്യാപനമല്ല. എന്നാൽ പൂർണമായും പ്രവർത്തനസജ്ജമായ സൈനിക സഖ്യമായി മാറാനുള്ള നടപടികൾ തുടരുകയാണ്.
എന്തുകൊണ്ടാണ് ഇത്രയധികം രാജ്യങ്ങൾ സൗദിക്കൊപ്പം നിൽക്കുന്നത്
ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമത്, എണ്ണയും ഊർജസുരക്ഷയുമാണ്. സൗദി അറേബ്യയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും കയറ്റുമതി സംവിധാനങ്ങൾക്കും നേരെ ആക്രമണമുണ്ടായാൽ ആഗോള എണ്ണ വിപണിയെ അത് ബാധിക്കും. എണ്ണവില വർധിക്കുന്നതും വിതരണത്തിൽ തടസ്സമുണ്ടാകുന്നതും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കും തിരിച്ചടിയാണ്.രണ്ടാമത്തേത് സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയാണ് ചെങ്കടൽ, ബാബ് അൽ മന്ദബ്, ഹോർമുസ് കടലിടുക്ക് എന്നിവ ലോക വ്യാപാരത്തിലെ നിർണായക പാതകളാണ്. ഇവിടെ സംഘർഷം രൂക്ഷമായാൽ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ ചരക്കുനീക്കത്തെ ബാധിക്കും. പ്രത്യേകിച്ച് സൂയസ് കനാലിനെ ആശ്രയിക്കുന്ന ഈജിപ്തിന് ഇത് വലിയ സാമ്പത്തിക പ്രശ്നമാകും. എണ്ണക്കും വാതകത്തിനും ഒപ്പം ആഗോള ചരക്കുകടത്തിനെയും ബാധിക്കും.
മൂന്നാമത്തേത് ഭൗമരാഷ്ട്രീയ താൽപര്യങ്ങളാണ്. സൗദി പശ്ചിമേഷ്യയിലെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിയാണ്. സൗദിയുമായുള്ള ബന്ധം നിലനിർത്തുന്നതിലൂടെ മേഖലയിലെ തങ്ങളുടെ സ്വാധീനവും താൽപര്യങ്ങളും സംരക്ഷിക്കാനാണ് വിവിധ രാജ്യങ്ങൾ ശ്രമിക്കുന്നത്. അതേസമയം എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യം ഒരുപോലെയല്ല. ചിലർ നേരിട്ട് വ്യോമപ്രതിരോധ സഹായം നൽകുന്നു. ചിലർ സൈനിക സാങ്കേതികവിദ്യയും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറുന്നു. മറ്റു ചിലർ നയതന്ത്ര പിന്തുണയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.