സൗദി ഓഹരി വിപണിയിൽ വിൽപന സമ്മർദ്ദം: പ്രധാന സൂചിക ഇന്ന് 1.6% ഇടിഞ്ഞു
ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിങ്
റിയാദ്: സൗദി ഓഹരി വിപണിയുടെ പ്രധാന സൂചികയായ തദാവുൽ ആൾ ഷെയർ ഇൻഡക്‌സ് (താസി) 1.6 ശതമാനം ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. 166 പോയിന്റ് നഷ്ടത്തിൽ 10,376 ലേക്ക് താഴ്ന്ന സൂചിക, ഈ വർഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിങ്ങാണ് രേഖപ്പെടുത്തിയത്. വിപണിയിൽ മൊത്തം 4.4 ശതകോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 10,546 പോയിന്റ് വരെ ഉയർന്ന സൂചിക, പിന്നീട് വിൽപ്പന സമ്മർദ്ദം ശക്തമായതോടെ 10,361 പോയിന്റ് വരെ താഴുകയായിരുന്നു. പ്രമുഖ ബാങ്കിങ് ഓഹരികളായ അൽ റാജ്ഹി ബാങ്ക് രണ്ട് ശതമാനവും സൗദി നാഷണൽ ബാങ്ക് മൂന്ന് ശതമാനവും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 62.30 റിയാലിലും 37.86 റിയാലിലുമാണ് ക്ലോസ് ചെയ്തത്.
മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ എക്‌സ്ട്രാ, തസ്ഹീൽ എന്നിവയുടെ ഓഹരികളിൽ എട്ട് ശതമാനത്തിന്റെ വൻ ഇടിവുണ്ടായി. ഈസ്റ്റ് പൈപ്പ്‌സ്, സൗദി പേപ്പർ, റെഡ് സീ, ബജറ്റ് സൗദി, കെ.ഇ.സി, മസാർ, അൽ അറേബ്യ, റസാൻ, ടുപി, സൗദി ഇനായ തുടങ്ങിയ മുൻനിര ഓഹരികൾ മൂന്ന് മുതൽ ആറ് ശതമാനം വരെ നഷ്ടം നേരിട്ടു. അതേസമയം, വിപണിയിലെ പൊതുവായ ഇടിവിനിടയിലും വതനി സ്റ്റീൽ മികച്ച നേട്ടം കൊയ്തു. 10 ശതമാനം ഉയർന്ന് 2.42 റിയാലിലെത്തിയ ഓഹരിയുടെ 1.2 കോടിയോളം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. നോമു വിപണിയിൽ നിന്ന് പ്രധാന വിപണിയായ തദാവുലിലേക്ക് മാറിയതിന് ശേഷം വതനി സ്റ്റീൽ ഓഹരികൾ ഏകദേശം 33 ശതമാനത്തിന്റെ മൊത്തം വളർച്ചയാണ് കൈവരിച്ചത്.