സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

ഇന്നലെയും ഇന്നുമായാണ് ആക്രമണം നടന്നത്

Update: 2026-10-07 18:59 GMT

റിയാദ്: സൗദിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. ഇവിടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൗദി പൗരന്മാരും വിദേശികളുമടക്കമുള്ള പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.

Advertising
Advertising

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ഈജിപ്ത് സ്വദേശികളും ഒരു പാകിസ്താൻ സ്വദേശിയും ഉൾപ്പെടുന്നു. ആക്രമണങ്ങളെ തുടർന്ന് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായി സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തി വരികയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സൗദിയുടെ വ്യോമഗതാഗത സുരക്ഷ നിലനിർത്താനും ആവശ്യമായ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സുരക്ഷാ ഏജൻസികൾ കൂട്ടിച്ചേർത്തു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News