സൗദി എയർപോർട്ടുകൾക്കെതിരായ ഹൂതി ആക്രമണം; അപലപിച്ച് മുസ്‍ലിം വേൾഡ് ലീഗ്
ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു
റിയാദ്: സൗദി എയർപോർട്ടുകൾക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് മുസ്‍ലിം വേൾഡ് ലീഗ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളവും റിയാദിലെ കിങ് ഖാലിദ് വിമാനത്താവളവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇത്തരം ആക്രമണങ്ങളെ MWL സെക്രട്ടറിയും മുസ്‍ലിം സ്കോളേഴ്സ് ഓർഗനൈസേഷൻ ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് അൽ-ഇസ്സ ശക്തമായി അപലപിച്ചു. മതമൂല്യങ്ങൾക്കും അന്താരാഷ്ട്ര-മാനവിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരായാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു. MWL-ന്റെ ആഗോള കൗൺസിലുകൾ, സമിതികൾ, അസംബ്ലികൾ എന്നിവയുടെ പേരിൽ മാത്രമല്ല, MWL പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള മുസ്‍ലിം ജനതയുടെ ഭാഗത്തുനിന്നും സെക്രട്ടറി ജനറൽ ഈ വിഷയത്തിൽ സൗദിയോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ചു. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും MWL ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.